രാജസ്ഥാനില്‍ നാല് മുജാഹിദീന്‍ തീവ്രവാദികള്‍ പിടിയില്‍; സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
തെരഞ്ഞെടുപ്പിനിടെ രാജ്യത്ത് ആക്രമണം നടത്താന്‍ പദ്ധതിയിട്ട നാല് ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികള്‍ രാജസ്ഥാനില്‍ അറസ്റ്റില്‍. രാജസ്ഥാന്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്ലും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഭീകരര്‍ പിടിയിലായത്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകനേതാവ് യാസന്‍ ഭട്ഗലിന്റെ അടുത്ത അനുയായിയും ബോംബ് നിര്‍മ്മാണ വിദഗ്ധനുമായ വഖാസും പിടിയിലായവരില്‍ പെടുന്നു.പിടിയിലാകുന്നതിന് മുമ്പ് വഖാസ് കേരളത്തിലും എത്തിയിരുന്നതായി ഡല്‍ഹി പോലീസ് പറഞ്ഞു.

സ്‌ഫോടകവസ്തുക്കളും വെടിമരുന്നുകളും ബോംബ് നിര്‍മ്മാണ സാമഗ്രികളും തീവ്രവാദികളില്‍ നിന്നും പിടിച്ചെടുത്തു. ശനിയാഴ്ച്ച രാവിലെ അജ്മീര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് വഖാസ് പിടിയിലായത്. അറസ്റ്റിലാകുന്നതിന് മുമ്പായി കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഇയാള്‍ താമസിച്ചിരുന്നതായി ഡല്‍ഹി പൊലീസ് വ്യക്തമാക്കി. ബാക്കിയുള്ള മൂന്ന് പേരെ ജോധ്പൂരിലും ജയ്പൂരിലും വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി അടക്കമുള്ള നേതാക്കളുടെ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി.

2010 സ്‌പെറ്റംബറില്‍ ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ സ്വദേശിയാണ് 24കാരനായ സിയാവുള്‍ റഹ്മാന്‍ എന്ന വഖാസ്. 21 ദിവസത്തെ ലഷ്‌കര്‍ ക്യാമ്പില്‍ പങ്കെടുത്ത് പരിശീലനം നേടിയ ഇയാള്‍ കാഠ്മണ്ഡു വഴിയാണ് ഇന്ത്യയിലെത്തിയത്. നിരവധി ഭീകരാക്രമണ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് യാസിന്‍ ഭട്കല്‍ അറസ്റ്റിലായ ശേഷമാണ് ഇയാള്‍ കേരളത്തിലെത്തിയതെന്ന് ഡല്‍ഹി പോലീസ് പറയുന്നു.

സ്‌ഫോടക ഉപകരണങ്ങള്‍ക്ക് വേണ്ടിയുള്ള ഇലക്ട്രിക്കല്‍ സര്‍ക്യൂട്ടുകള്‍ നിര്‍മ്മിക്കുന്നതില്‍ വിദഗ്ധനായ വഖാസ് 2010 സെപ്റ്റംബറിലെ ജമാ മസ്ജിദ് വെടിവെപ്പ്, ഡിസംബറിലെ വാരാണസി ബോംബ് സ്‌ഫോടനം, 2011 ജുലൈയിലെ മുംബൈ ബോംബ് സ്‌ഫോടന പരമ്പര, 2012 ആഗസ്റ്റിലെ പൂനെ സ്‌ഫോടനം, 2013 ഫെബ്രുവരിയിലെ ഹൈദരാബാദ് ഇരട്ടസ്‌ഫോടനം എന്നിവയില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് കരുതപ്പെടുന്നു. വഖാസിന്റെ അറസ്റ്റിലേക്ക് നയിച്ച നിര്‍ണായക വിവരങ്ങള്‍ നല്‍കിയവര്‍ക്ക് ദേശീയ കുറ്റാന്വേഷണ ഏജന്‍സി(എന്‍ഐഎ) 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :