നിര്‍ഭയകേരളം, സുരക്ഷിത കേരളം ഉദ്ഘാടനച്ചടങ്ങില്‍ 4000 വനിതകള്‍ പങ്കെടുക്കും

കൊച്ചി| WEBDUNIA| Last Modified ബുധന്‍, 12 ഫെബ്രുവരി 2014 (16:07 IST)
PRO
യു.പി.എ അധ്യക്ഷ സോണിയഗാന്ധി പങ്കെടുക്കുന്ന നിര്‍ഭയ കേരളം സുരക്ഷിത കേരളം ഉദ്ഘാടനച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. ഫെബ്രുവരി 15 ശനിയാഴ്ച രാവിലെ 10ന് എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടിലൊരുക്കുന്ന പന്തലിലാണ് ഉദ്ഘാടനച്ചടങ്ങ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്ര - സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ പൊതുസമൂഹത്തിന്റെ പിന്തുണയോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ ജില്ലയില്‍ നിന്നും നാലായിരം വനിതകളെ പങ്കെടുപ്പിക്കാന്‍ ജില്ല കളക്ടര്‍ പി.ഐ ഷെയ്ക്ക് പരീതിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് പുറമെ സംഘടനകളും വിദ്യാര്‍ഥിനികളും ഉദ്ഘാടനച്ചടങ്ങിനെത്തും.

നിര്‍ഭയകേരളം സുരക്ഷിത കേരളം പദ്ധതിക്കായി ഇത്തവണത്തെ ബജറ്റില്‍ 7.5 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. കേന്ദ്ര സഹായവും പദ്ധതിയ്ക്കുണ്ട്. ആദ്യഘട്ടമെന്ന നിലയില്‍ പഞ്ചായത്ത് തലത്തില്‍ വനിതകളുടെ നിര്‍ഭയ വളണ്ടിയര്‍ ഗ്രൂപ്പ് തുടങ്ങും. വോളന്റിയര്‍മാരായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഓണറേറിയവും മൊബൈല്‍ ഫോണ്‍ സിം കാര്‍ഡും ലഭിക്കും.

വോളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കേണ്ട ചുമതല പോലീസിനാണ്. നിര്‍ഭയ വോളന്റിയര്‍മാര്‍ അതത് പ്രദേശങ്ങളിലെ വീടുകള്‍ സന്ദര്‍ശിച്ച് സ്ത്രീകള്‍, കുട്ടികള്‍, പ്രായമാവര്‍ തുടങ്ങിയവരുമായി ആശയവിനിമയം നടത്തും. അരക്ഷിത സാഹചര്യത്തില്‍ കഴിയുന്നവര്‍ക്ക് വോളന്റിയര്‍മാര്‍ ഉടനെ സഹായം ലഭ്യമാക്കും. പ്രാദേശിക പോലീസ് സംവിധാനത്തിന്റെ മേല്‍നോട്ടത്തിലാണ് വോളന്റിയര്‍മാര്‍ പ്രവര്‍ത്തിക്കുക. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പോലുള്ള സേവന ഗ്രൂപ്പുകളെ ഇതുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.

മദ്യം, മയക്കുമരുന്ന്, സ്ത്രീപീഡനം, ലൈംഗിക അതിക്രമങ്ങള്‍, കുട്ടികള്‍ക്കെതിരായ ചൂഷണങ്ങള്‍ തുടങ്ങിയവ തടയുകയാണ് നിര്‍ഭയ കേരളം പദ്ധതിയുടെ മുഖ്യലക്ഷ്യം. പ്രായം ചെന്നവരുടെയും രോഗികളുടെയും പരിപാലനത്തിനും ഇവരുടെ പിന്തുണ ലഭ്യമാക്കും. പദ്ധതിയുടെ ഭാഗമായി വനിതകള്‍ മാത്രമുള്ള പോലീസ് സ്‌റ്റേഷനുകള്‍ ഉടന്‍ ആറ് ജില്ലകളില്‍ കൂടി തുടങ്ങും. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് വനിതകളുടെ മാത്രം പോലീസ് സ്‌റ്റേഷന്‍ തുടങ്ങുക. നിലവില്‍ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ മാത്രമാണ് ഈ സംവിധാനമുള്ളത്.

എറണാകുളം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ മുഹമ്മദ് റഫീഖ്, ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. കെ.എം. ബീന, ആര്‍.ടി.ഒ ബി.ജെ. ആന്റണി എന്നിവര്‍ പങ്കെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :