ന്യൂഡല്‍ഹി|
JOYS JOY|
Last Modified ചൊവ്വ, 21 ഏപ്രില്‍ 2015 (15:00 IST)
നരേന്ദ്ര മോഡി തന്നെ രൂക്ഷമായി ശകാരിച്ചെന്നും അതുകേട്ട് താന്‍ കരഞ്ഞെന്നുമുള്ള വാര്‍ത്ത നിഷേധിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. താന്‍ പ്രധാനമന്ത്രിയെ കണ്ടിട്ടില്ല. താന്‍ കരഞ്ഞെന്ന് ആരാണ് പറഞ്ഞത്? ആരാണ് അതു കണ്ടത്?
- ഗിരിരാജ് സിംഗിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ ആനി റിപ്പോര്‍ട്ട് ചെയ്തു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ ഗിരിരാജ് സിംഗ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗിരിരാജ് സിംഗിനെ വിളിച്ച് ശാസിച്ചെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ശാസന കേട്ട് കേന്ദ്രമന്ത്രി വിതുമ്പിക്കരഞ്ഞെന്നും കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി മന്ത്രിയെ സമാധാനിപ്പിച്ചെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതെല്ലാം, നിഷേധിച്ചാണ് ഗിരിരാജ് സിംഗ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
രാജീവ് ഗാന്ധി ഒരു നൈജീരിയക്കാരിയെയാണ് വിവാഹം ചെയ്തിരുന്നതെങ്കിൽ, അവരുടെ ത്വക്കിന്റെ നിറം വെളുത്തതായിരുന്നില്ലെങ്കിൽ കോൺഗ്രസ് അവരെ നേതാവായി കണക്കാക്കുമായിരുന്നോ എന്ന ഗിരിരാജ് സിംഗിന്റെ പരാമർശമാണ് വിവാദമായത്. ഇതേ തുടര്‍ന്ന് സഭയില്‍ ബഹളം ഉണ്ടാവുകയും മന്ത്രി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.