യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ആം ആദ്‌മിയില്‍ നിന്ന് പുറത്ത്

ന്യൂഡല്‍ഹി| JOYS JOY| Last Modified ചൊവ്വ, 21 ഏപ്രില്‍ 2015 (08:01 IST)
വിമതനേതാക്കളായ യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും ആം ആദ്‌മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയുടെ സ്ഥാപകനേതാക്കള്‍ കൂടിയാണ് ഇവര്‍. ഭൂഷണെയും യാദവിനെയും അടക്കം നാലുപേരെയാണ്
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്.

പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്‍റെ പേരിലാണ് ആം ആദ്‌മി പാര്‍ട്ടിയുടെ ദേശീയ അച്ചടക്ക കമ്മിറ്റിയുടെ നടപടി. അനന്ത്കുമാര്‍, അജിത് ഝാ എന്നിവരാണ് പാര്‍ട്ടിയില്‍ പുറത്തായ മറ്റ് നേതാക്കള്‍. എ എ പി വക്താവ് ദീപക് വാജ്‌പേയി ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ആറുമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് പുറത്താക്കല്‍ തീരുമാനം പുറത്ത് വന്നത്. ഹരിയാനയില്‍ പാര്‍ട്ടിയിലെ വിമതരുടെ യോഗം വിളിച്ചു ചേര്‍ത്തതിന് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്കിയിരുന്നു. എന്നാല്‍, നോട്ടീസിന് മറുപടി നല്കാതിരുന്ന ഭൂഷണും യാദവും നോട്ടീസിനെ പരിഹസിച്ച് തള്ളുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :