മോഡിക്ക് തിരിച്ചടി, ഗുജറാത്ത് തലസ്ഥാനത്ത് കോണ്‍ഗ്രസിന് വിജയം

ഗാന്ധിനഗര്‍| WEBDUNIA|
ഗുജറാത്തില്‍ ബി ജെ പിക്കും നരേന്ദ്രമോഡിക്കും കനത്ത തിരിച്ചടി. ഗാന്ധിനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍, ആകെയുള്ള 33 സീറ്റില്‍ പതിനെട്ടും നേടി കോണ്‍ഗ്രസ് കരുത്തുകാട്ടി. 15 സീറ്റുകള്‍ കൊണ്ട് ബി ജെ പിക്ക് തൃപ്തിപ്പെടേണ്ടിവന്നു.

ഭരണകക്ഷിയായ ബി ജെ പിയും പ്രതിപക്ഷമായ കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടമായിരുന്നു ഗാന്ധിനഗറില്‍ നടന്നത്. മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനിയാണ് ഗാന്ധിനഗറിനെ പാര്‍ലമെന്‍റില്‍ പ്രതിനിധീകരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത.

“മോഡി സര്‍ക്കാരിനെതിരെയാണ് ഗാന്ധിനഗറിലെ ജനങ്ങള്‍ വിധിയെഴുതിയത്. ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറില്‍ വിജയക്കൊടി പാറിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരിക്കുന്നു. മോഡി ഭരണകൂടത്തിന്‍റെ അവസാനത്തിന്‍റെ ആരംഭമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. 2012ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കും. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു എന്നതിന്‍റെ സൂചനയാണിത്” - മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നര്‍ഹരി അമീന്‍ പ്രതികരിച്ചു.

11 വാര്‍ഡുകളിലായുള്ള 33 സീറ്റുകളിലേക്ക് 116 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. ഗാന്ധിനഗര്‍ കോര്‍പ്പറേഷനിലെ വിജയത്തോടെ ഗുജറാത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കോര്‍പ്പറേഷനുകളുടെ എണ്ണം രണ്ടായി. ആകെയുള്ള എട്ടു കോര്‍പ്പറേഷനുകളില്‍ ബാക്കി ആറിലും ഭരണം ബി ജെ പിക്കാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :