‘കോഴവിവാദം ബി ജെ പി ഒരുക്കിയ നാടകം‘

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
വിവാദം കൊഴുക്കുന്നതിനിടെ ബി ജെ പിക്കെതിരായി മറ്റൊരു വെളിപ്പെടുത്തല്‍ പുറത്തുവന്നു. സര്‍ക്കാരിനെ അനുകൂലിച്ച് വോട്ട് ചെയ്യാന്‍ 2008-ല്‍ ബി ജെ പി അംഗങ്ങള്‍ക്ക് കൈക്കൂലി കിട്ടിയെന്ന ആരോപണം ആ പാര്‍ട്ടി തന്നെ ഒരുക്കിയ നാടകമാണെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്ക് അന്നത്തെ ഒളിക്യാമറ ഓപ്പറേഷനെക്കുറിച്ച് അറിയാമായിരുന്നു എന്നാണ് തെഹല്‍ക കണ്ടെത്തിയിരിക്കുന്നത്.

ഒളിക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തിയ ടി വി റിപ്പോര്‍ട്ടറെ ഉദ്ധരിച്ചാണ് തെഹല്‍ക്ക ഈ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. 2008-ലെ വിശ്വാസവോട്ടെടുപ്പ്‌ ചര്‍ച്ചയ്‌ക്കിടെ ബി ജെ പി അംഗങ്ങള്‍ കൈക്കൂലി കിട്ടിയതെന്ന്‌ അവകാശപ്പെട്ട്‌ നോട്ടുകെട്ടുകളുമായി സഭയുടെ നടുക്കളത്തിലിറങ്ങുകയായിരുന്നു.
മധ്യപ്രദേശില്‍ നിന്നുള്ള എം പിമാര്‍ സര്‍ക്കാരിന്‌ അനുകൂലമായി വോട്ടുചെയ്യാന്‍ സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ നല്‍കിയ കൈക്കൂലിയാണെന്ന വെളിപ്പെടുത്തലുമായി ബാഗുകള്‍ തുറന്ന്‌ ആയിരത്തിന്റെ നോട്ടുകെട്ടുകള്‍ ഉയര്‍ത്തിക്കാട്ടുകയായിരുന്നു.

എന്നാല്‍ സമാജ്‌വാദി പാര്‍ട്ടിക്കോ കോണ്‍ഗ്രസിനോ ഇതില്‍ പങ്കില്ലെന്നാണ്തെഹല്‍ക്കയുടെ കണ്ടെത്തല്‍. സര്‍ക്കാരിനെ കരിവാരിത്തേക്കാന്‍ ബി ജെ പി തന്നെ ഇങ്ങനെ ഒരു നാടകത്തിന് തുനിഞ്ഞിറങ്ങുകയായിരുന്നു.

വോട്ടെടുപ്പ്‌ സമയത്ത്‌ സഭയില്‍ ഹാജരാകാതിരിക്കാന്‍ മൂന്നു ബി ജെ പി എം പിമാര്‍ക്ക്‌ കോഴ കിട്ടിയെന്ന വിവരം എല്‍ കെ അദ്വാനി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പണം ലോക്‌ സഭയില്‍ കൊണ്ടുവരാന്‍ താന്‍ അനുവദിക്കുകയുണ്ടായെന്ന്‌ അദ്ദേഹം പറഞ്ഞിരുന്നു.
കോഴ നല്‍കുന്നത്‌ ടി വി ചാനല്‍ പ്രവര്‍ത്തകര്‍ റിക്കോഡ്‌ ചെയ്‌തിട്ടുണ്ടെന്ന്‌ അദ്ദേഹം അവകാശപ്പെട്ടിരുന്നു.

ഈ വെളിപ്പെടുത്തല്‍ ബുധനാഴ്ച പാര്‍ലമെന്റില്‍ ബഹളത്തിനിടയാക്കി. രാജ്യസഭയില്‍ ഇതെക്കുറിച്ച് സംസാരിച്ച കോണ്‍ഗ്രസ് നേതാവ് ജയന്തി നടരാജന്‍ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലിയില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു.

അതിനിടെ, വിശ്വാസ വോട്ടിന് കോഴ വാങ്ങിയെന്ന വിക്കിലീക്സ് വെളിപ്പെടുത്തല്‍ സംബന്ധിച്ച് പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബി ജെ പി രംഗത്തെത്തി. സംഭവത്തിന്‍റെ ഉത്തരവാദിത്വം പ്രധാനമന്ത്രി ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :