മേഘാലയയില്‍ ഭീകരര്‍ രണ്ട് ബി‌എസ്‌എഫ് സൈനികരെ കൊലപ്പെടുത്തി

ഷില്ലോങ്| WEBDUNIA|
PTI
മേഘാലയയില്‍ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി പോസ്റ്റില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു.

പടിഞ്ഞാറന്‍ ഖാസി കുന്നുകളിലെ സൈനിക പോസ്റ്റില്‍ ജോലി ചെയ്തിരുന്ന ജവാന്മാരാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വന്‍ ആയുധശേഖരവുമായി എത്തിയ ഭീകരര്‍ സൈനിക പോസ്റ്റില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജവാന്മാര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു.

ചൊവ്വാഴ്ച ദക്ഷിണ ഗാരോ കുന്നുകളില്‍ ആക്രമണം നടത്തിയ ഭീകരര്‍ അഞ്ച് പൊലീസുകാരെ വധിച്ചു. കഴിഞ്ഞരാത്രി ഇതുവഴി കടത്താന്‍ ശ്രമിച്ച വന്‍ ആയുധശേഖരം ബിഎസ്എഫ് പിടികൂടിയിരുന്നു. ഗോത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഭീകരരാണ് ആക്രമണങ്ങള്‍ക്കു പിന്നിലെന്ന് കരുതുന്നു.

ബംഗ്ലാദേശുമായി 443 കിലോമീറ്ററോളം അതിര്‍ത്തി പങ്കിടുന്ന മേഘാലയയില്‍ കാര്യമായ സുരക്ഷയില്ലാത്തതിനാല്‍ നുഴഞ്ഞുകയറ്റക്കാരും ഭീകരരും കുറ്റവാളികളും ആയുധക്കടത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമായി ഈ മേഖല ഉപയോഗിക്കുന്നത് പതിവാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :