സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് കൊടിയുയര്‍ന്നു

വിശാഖപട്ടണം| JOYS JOY| Last Updated: ചൊവ്വ, 14 ഏപ്രില്‍ 2015 (10:03 IST)
ഇരുപത്തിയൊന്നാമത് സി പി എം പാര്‍ട്ടി കോണ്‍ഗ്രസിന് കൊടിയുയര്‍ന്നു. വിശാഖപട്ടണത്ത് പോര്‍ട്ട് കലാവണി ഓഡിറ്റോറിയത്തില്‍ ബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും സി ഐ ടി യു മുന്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയുമായ മുഹമ്മദ് അമീന്‍ ആണ് പതാക ഉയര്‍ത്തിയത്.

സംസ്ഥാന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, പോളിറ്റ്ബ്യൂറോ അംഗങ്ങളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കേരളസംഘം തിങ്കളാഴ്ച തന്നെ വിശാഖപട്ടണത്ത് എത്തിയിരുന്നു. 173 പേര്‍ ആണ് കേരളത്തില്‍ നിന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനായി വിശാഖപട്ടണത്ത് എത്തിയിരിക്കുന്നത്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 749 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. രാവിലെ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷമുള്ള സെഷനില്‍ കേന്ദ്ര കമ്മിറ്റി തയാറാക്കിയ കരട് രാഷ്ട്രീയ പ്രമേയം ചര്‍ച്ചക്കെടുക്കും. പുതിയ കേന്ദ്ര കമ്മിറ്റിയുടെയും ജനറല്‍ സെക്രട്ടറിയുടെയും തെരഞ്ഞെടുപ്പ് 19ന് രാവിലെ നടക്കും. വൈകുന്നേരം വന്‍ ബഹുജന റാലിയോടെയാണ് പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കുക.

സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇത്തവണ എസ് യു സി ഐ, സി പി ഐ (എം എല്‍) പ്രതിനിധികള്‍ പങ്കെടുക്കും. എസ് യു സി ഐ ജനറല്‍ സെക്രട്ടറി പ്രൊവാഷ് ഘോഷ്, സി പി ഐ (എം എല്‍) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ എന്നിവരാണ് ഉദ്ഘാടന സെഷനില്‍ സൗഹാര്‍ദ പ്രതിനിധികളായി പ്രസംഗിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :