മുസാ‍ഫര്‍നഗര്‍ കലാപം: പ്രകോപനപരമായ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നു

ലഖ്‌നൗ| WEBDUNIA|
PTI
മുസാഫര്‍നഗറില്‍ കലാപം ആളിപ്പടരുന്നതിനൊപ്പം വ്യാജസന്ദേശങ്ങളും ഉത്തര്‍പ്രദേശില്‍ വ്യാപകമാകുന്നു. ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ മൂലം കലാപം മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിക്കുമെന്ന ആശങ്കയിലാണ് ആഭ്യന്തര മന്ത്രാലയവും പൊലീസും.

സമരത്തിന് പ്രകോപനപരമായ തരത്തിലുള്ള സന്ദേശങ്ങള്‍ വീടുകളിലും മറ്റ് കഫേകളിലും ഇരുന്ന് ജനങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാണ് പൊലീസിന് കിട്ടിയ വിവരം. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളായ ഫെയ്സ്‌ബുക്കും ട്വിറ്ററും അടക്കം നിരവധി മീഡിയകളിലൂടെയാണ് സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് പൊലീസ് പ്രദേശത്ത് ഫെയ്സ് ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള വെബ്സൈറ്റുകള്‍ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. കലാപം ആദ്യം പൊട്ടി പുറപ്പെട്ടപ്പോള്‍ പൊലീസിന് അടിച്ചമര്‍ത്താന്‍ സാധിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ യൂട്യൂബില്‍ പ്രചരിച്ച വീഡീയോ ദൃശ്യങ്ങളായിരുന്നു കലാപം ഇത്രയും രൂക്ഷതയിലെത്തിക്കാന്‍ കാരണമായത്.

രണ്ടുവര്‍ഷം മുമ്പുള്ള ചിത്രമാണ് കൊല്ലപ്പെട്ട യുവാക്കളോടുള്ള ക്രൂരതയുടെ ദൃശ്യമെന്ന മട്ടില്‍ പ്രചരിപ്പിച്ചത്. കുറഞ്ഞ സമയംകൊണ്ടുതന്നെ 250 പേര്‍ ഈ ദൃശ്യം ഷെയര്‍ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെന്നു കരുതുന്ന രണ്ടുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

പ്രകോപനപരമായ ദൃശ്യങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :