സംസ്ഥാനത്ത് ആഭ്യന്തരകലാപമുണ്ടാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സെക്രട്ടേറിയറ്റ് പിടിച്ചെടുക്കുന്ന രീതിയിലേക്കാണ് പ്രതിപക്ഷസമരം മാറുന്നതെന്നും സമരം കേരളജനതയോടുള്ള വെല്ലുവിളിയാണെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.
സെക്രട്ടേറിയേറ്റിലേക്ക് വരുന്ന പാവങ്ങളെ വഴിയില്‍ തടയാന്‍ അനുവദിക്കില്ല. ബാബ്‌റി മസ്ജിദ് തകര്‍ത്തതിന് സമാനമായ സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഭരണസ്തംഭനമുണ്ടാക്കണമെന്നുള്ള പിടിവാശിയോടെയുള്ള സമരത്തോട് യോജിക്കാനാവില്ല. ജനാധിപത്യത്തിന്‍റെ അന്ത്യംകുറിക്കുന്നതിന് ഈ സമരം ഇടവരുത്തും. സെക്രട്ടേറിയേറ്റിന്‍റെ ഒരു വാതിലിലൂടെയും ആരെയും പ്രവേശിപ്പിക്കില്ലെന്നാണ് സമരക്കാര്‍ പറയുന്നത്. ഇത് കീഴ്വഴക്കമില്ലാത്ത കാര്യമാണ് - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
വോള്‍സ്ട്രീറ്റ് സമരമെന്നും പിടിച്ചെടുക്കല്‍ സമരമെന്നും സമരക്കാര്‍ തന്നെ വിശേഷിപ്പിക്കുന്ന ഈ സമരം ജനാധിപത്യത്തില്‍ അഭികാമ്യമല്ലെന്ന് പറഞ്ഞ തിരുവഞ്ചൂര്‍ ജനവിരുദ്ധ സമരത്തില്‍ നിന്ന് ഇടതുപക്ഷം പിന്‍മാറണമെന്നും ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവിന്‍റെ അഭിപ്രായം മാനിച്ച് ഇടുക്കി ദുരന്തം സംബന്ധിച്ച് പ്രധാനമന്ത്രിയെ കാണാന്‍ സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനമെടുത്തതാണ്. എന്നാല്‍ അവസാന നിമിഷം അവര്‍ പിന്‍മാറി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയെ കാണുന്ന ദിവസം തന്നെ കോടിയേരി ബാലകൃഷ്ണന്‍, ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് വാര്‍ത്താസമ്മേളനം നടത്തി - തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.