ഗണേശോത്സവം ഗോവയില്‍ ഒരു പുതിയ വിവാദത്തിനു വഴിമരുന്നിട്ടു. ഗണപതിയുടെ ചിത്രത്തിനൊപ്പം ഗോവ സിവില്‍ സപ്ലൈസ് മന്ത്രി ജോസ് ഫിലിപ്പ് ഡിസൂസയുടെ ചിത്രം അച്ചടിച്ച പ്ലാസ്റ്റിക് ബാഗുകളാണ് വിവാദ വിഷയമായിരിക്കുന്നത്. സംസ്ഥാന ബിജെപി ഘടകമാണ് എതിര്‍പ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഗണേശ പൂജയ്ക്കുള്ള പലഹാരങ്ങളും മറ്റും വിതരണം ചെയ്യാനുള്ള ബാഗില്‍ മന്ത്രി എണ്ണയും മറ്റ് സാധനങ്ങളും വിതരണം ചെയ്യാന്‍ മടിക്കില്ല എന്നാണ് ബിജെപി ആരോപിക്കുന്നത്. എന്‍സിപിക്കാരനായ മന്ത്രി ഹിന്ദുക്കളെ അടച്ചാക്ഷേപിക്കുകയാണ് ചെയ്തിരിക്കുന്നത് എന്നും പാര്‍ട്ടി കുറ്റപ്പെടുത്തുന്നു.
ജോസ് ഫിലിപ്പ് ഭഗവാന്റെ ചിത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് തന്ത്രമിറക്കുകയാണെന്നും അതിനാല്‍ ഹിന്ദു സമൂഹത്തോട് നിരുപാധികം മാപ്പ് പറയണമെന്നുമാണ് ബിജെപിയുടെ ആവശ്യം. എന്നാല്‍, മന്ത്രിക്ക് ഇക്കാര്യത്തില്‍ ഒരു കുലുക്കവുമില്ല. ഒരു ചിത്രത്തെ കുറിച്ച് ഇത്ര പ്രശ്നമുണ്ടാക്കാന്‍ എന്തിരിക്കുന്നു എന്നാണ് മന്ത്രിയുടെ നിലപാട്.
പ്ലാസ്റ്റിക് ബാഗില്‍ ഗണപതിയുടെ ചിത്രത്തിന് തൊട്ടടുത്താണ് കറുത്ത കോട്ടണിഞ്ഞ മന്ത്രിയുടെ ചിത്രം അച്ചടിച്ചിരിക്കുന്നത്.