മുരുഗദോസിന് 12 കോടി, വിജയ് ചിത്രം തുടങ്ങുന്നു

WEBDUNIA|
IFM
എ ആര്‍ മുരുഗദോസ് വ്യത്യസ്തനായ ഒരു മനുഷ്യനാണ്. തന്‍റെ സിനിമകള്‍ പോലെ. ഒരു ദിവസം 24 മണിക്കൂറും ജോലി ചെയ്യാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. തിരക്കഥ രചിക്കാനായി മാസങ്ങളോളം ഉറക്കം കളയുന്നു. പെര്‍ഫെക്ട് സ്ക്രിപ്ടില്‍ നിന്നേ പെര്‍ഫെക്ട് സിനിമ ഉണ്ടാകൂ എന്നാണ് മുരുഗദോസിന്‍റെ അഭിപ്രായം.

ഗജിനിയുടെ തമിഴ് പതിപ്പില്‍ നിന്ന് ഹിന്ദി റീമേക്കിലേക്ക് എത്തിയപ്പോള്‍ തിരക്കഥയില്‍ വരുത്തിയ മാറ്റം ഏറ്റവും ശ്രദ്ധേയമായിരുന്നു. ക്ലൈമാക്സ് പൊളിച്ചെഴുതി. തമിഴ് ഗജിനിയില്‍ രണ്ട് വില്ലന്‍‌മാര്‍ ഉണ്ടായിരുനെങ്കില്‍ ഹിന്ദിയില്‍ അത് ഒരാള്‍ മാത്രമായി.

എത്ര സിനിമ ചെയ്തു എന്നതല്ല, എത്ര ക്വാളിറ്റിയില്‍ സിനിമ ചെയ്തു എന്നതിലാണ് കാര്യമെന്നാണ് മുരുഗദോസ് പറയുന്നത്. ഓരോ സിനിമയുടെയും ചിത്രീകരണത്തിനായി വര്‍ഷങ്ങള്‍ ചെലവഴിക്കുന്നതാണ് ശീലം. സൂര്യയെ നായകനാക്കി ‘ഏഴാം അറിവ്’ ചെയ്യാനായി എടുത്തത് രണ്ടു വര്‍ഷത്തോളമാണ്.

ഇളയദളപതി വിജയ് നായകനാകുന്ന സിനിമയാണ് എ ആര്‍ മുരുഗദോസ് അടുത്തതായി ചെയ്യുന്നത്. 12 കോടി രൂപയാണത്രെ ഈ സിനിമയ്ക്ക് മുരുഗദോസ് പ്രതിഫലം ആവശ്യപ്പെട്ടത്. മുരുഗദോസിന്‍റെ പ്രതിഫലം കേട്ട് ഞെട്ടിയ മുംബൈ ബേസ്ഡ് നിര്‍മ്മാണക്കമ്പനി പ്രൊജക്ട് ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

ഇപ്പോള്‍ വിജയിന്‍റെ പിതാവ് എസ് എ ചന്ദ്രശേഖര്‍ നിര്‍മ്മാണച്ചുമതല ഏറ്റെടുത്തിരിക്കുകയാണ്. മുരിഗദോസിന്‍റെ പ്രതിഫലം കഴിഞ്ഞാല്‍ 65 കോടി രൂപയാണ് ചിത്രത്തിന് ബജറ്റ് നിശ്ചയിച്ചിരിക്കുന്നത്. സോനം കപൂറിനെ ചിത്രത്തില്‍ നായികയാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ദീപിക പദുക്കോണ്‍ ആണ് ഇപ്പോള്‍ സമ്മതം മൂളിയിരിക്കുന്നത്.

ബോളിവുഡ് ഷോമാന്‍ പ്രിയദര്‍ശന് 11 കോടി രൂപയാണ് പ്രതിഫലം. ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന സംവിധായകന്‍ പ്രിയദര്‍ശനായിരുന്നു. ഇപ്പോള്‍ പ്രിയനെയും കടത്തിവെട്ടുകയാണ് മുരുഗദോസ്.

ദീന, രമണ, ഗജിനി(തമിഴ്), സ്റ്റാലിന്‍, ഗജിനി(ഹിന്ദി), ഏഴാം അറിവ് എന്നിവയാണ് മുരുഗദോസ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :