മലയാളി പ്രേക്ഷകര്‍ക്ക് ജയറാമിനെ കുടുംബചിത്രങ്ങളിലെ നായകനായി കാണാനാണ് ഇഷ്ടം. ചിത്രത്തിന്‍റെ പേരില്‍ പോലും ‘കുടുംബം’ വേണമെന്ന് ഈയിടെയായി ജയറാം ചിത്രങ്ങളുടെ സംവിധായകര്‍ക്ക് നിര്‍ബന്ധമുള്ളതുപോലെ തോന്നുന്നു. ഈ വര്‍ഷം ആദ്യം പ്രദര്‍ശനത്തിനെത്തിയ ജയറാം ചിത്രത്തിന് ‘കുടുംബശ്രീ ട്രാവല്‍സ്’ എന്നായിരുന്നു പേര്. ജയറാമിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘മിഡില്‍ ക്ലാസ് ഫാമിലി’ എന്നാണ് പേരിട്ടിരിക്കുത്. അടുത്ത വര്‍ഷം വി എം വിനു ഒരുക്കുന്ന ജയറാം ചിത്രത്തിന്‍റെ പേരിലും ‘കുടുംബ’മുണ്ട് - സന്തുഷ്ട കുടുംബം!
പുതിയ വാര്‍ത്ത, നിരവധി ജനപ്രിയ സീരിയലുകള്‍ ഒരുക്കിയ കെ കെ രാജീവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ഞാനും എന്‍റെ ഫാമിലിയും’ എന്ന് പേരിട്ടു എന്നതാണ്. നായകന്‍ ജയറാം തന്നെ. പേരുപോലെ തന്നെ ഒരു കുടുംബചിത്രമാണ് ഞാനും എന്‍റെ ഫാമിലിയും. റീമ കല്ലിങ്കലും ഷീലയും ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സെവന്‍ ആര്‍ട്സിന്‍റെ ബാനറില്‍ ജി പി വിജയകുമാറാണ് ‘ഞാനും എന്‍റെ ഫാമിലിയും’ നിര്‍മ്മിക്കുന്നത്. മമ്മൂട്ടിച്ചിത്രം സംവിധാനം ചെയ്തു കൊണ്ട് സിനിമയില്‍ തുടക്കം കുറിക്കാനായിരുന്നു രാജീവിന്‍റെ ആഗ്രഹം. ‘ചെമ്പകരാമന്‍’ എന്ന് പേരിട്ട് ഒരു തിരക്കഥയും രാജീവ് ഒരുക്കി. മമ്മൂട്ടിക്ക് അത് ഇഷ്ടമാകുകയും ചെയ്തു. കാവ്യാ മാധവനെ മമ്മൂട്ടിയുടെ നായികയായും തീരുമാനിച്ചു. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റും മറ്റ് പ്രശ്നങ്ങളും കാരണം പ്രൊജക്ട് നടന്നില്ല.
മിനിസ്ക്രീനില്‍ രാജീവിന്‍റെ ജൂനിയറായിരുന്ന പലരും ബിഗ്‌സ്ക്രീനിലെത്തി വിജയിക്കുകയും ചെയ്തു. അതോടെ ജയറാം ചിത്രമൊരുക്കി വലിയ സ്ക്രീനിലേക്ക് പ്രവേശിക്കാന്‍ രാജീവ് തീരുമാനിക്കുകയായിരുന്നു.