ഭാര്യയേയും കസിനെയും കൊലപ്പെടുത്തിയ കേസില്‍ സംഗീതജ്ഞന്‍ ബാംഗ്ലൂരില്‍ അറസ്റ്റില്‍. വീണവാദകനായ ബി എം ചന്ദ്രശേഖറിനെയാണ് ഗിരിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ പ്രീതി(38)യേയും അവരുടെ ബന്ധു വേദ(37)യേയും മര്‍ദ്ദിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്.
നന്ദഗോകുലയിലെ ചന്ദ്രശേഖറിന്റെ വീട്ടില്‍ വച്ചായിരുന്നു കൊല. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ പ്രീതിയും വേദയും ഉറങ്ങിക്കിടക്കുമ്പോള്‍ ഇരുമ്പുദണ്ഡുകൊണ്ട് മര്‍ദ്ദിച്ചതാണ് മരണകാരണം എന്ന് പൊലീസ് പറഞ്ഞു. വേദയുടെ ഒരു വയസുള്ള കുഞ്ഞ് കൊലപാതകം നടക്കുമ്പോള്‍ ഇതേ മുറിയില്‍ ഉറങ്ങുന്നുണ്ടായിരുന്നു.
പിറ്റേന്ന് പ്രീതിയുടെ അമ്മ ഗീത ആചാര്യ വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറം ലോകം അറിഞ്ഞത്. ഇവര്‍ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. മകളും ഭര്‍ത്താവും തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്ന് അവര്‍ പറഞ്ഞു.
മംഗലാപുരം സ്വദേശിയായ പ്രീതിയും ചന്ദ്രശേഖറും 2010ലാണ് വിവാഹിതരായത്. ചന്ദ്രശേഖറിന്റെ മൂന്നാം വിവാഹമായിരുന്നു അത്. പ്രീതയുടേത് രണ്ടാം വിവാഹവും. പ്രീതയുടെ പരാതിയെ തുടര്‍ന്ന് നേരത്തെ സ്ത്രീധന നിരോധന നിയമപ്രകാരം ഇയാള്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.