ഭാര്യയുടെ രക്തം കുടിക്കുന്ന ഭര്‍ത്താവ്!

ഭോപ്പാല്‍| WEBDUNIA|
PRO
ഭാര്യയുടെ രക്തം കുടിക്കുന്നത് ശീലമാക്കിയ ഒരാളെ പൊലീസ് തെരയുന്നു! മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലെ ദീപ അഹിര്‍വാര്‍ (22) എന്ന യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഭര്‍ത്താവ് മഹേഷ് തന്റെ രക്തം ഊറ്റിക്കുടിക്കുകയാണെന്നാണ് ദീപ പറയുന്നത്. ഒരു സിറിഞ്ചിലൂടെ രക്തം ഊറ്റിയെടുത്ത് ഗ്ലാസിലേക്ക് ഒഴിച്ച് കുടിക്കുകയാണ് മഹേഷ് ചെയ്യുന്നത്. താന്‍ ആരോഗ്യവാനായിരിക്കുന്നതിന് കാരണം ഈ രക്തപാനമാണെന്നാണ് കര്‍ഷകത്തൊഴിലാളിയായ മഹേഷ് ഭാര്യയോട് പറഞ്ഞിരുന്നത്.

2007-ല്‍ ആണ് മഹേഷ് ദീപയെ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസങ്ങള്‍ക്ക് ശേഷം മഹേഷ് തന്റെ രക്തപാന ശീലം ആരംഭിക്കുകയും ചെയ്തു. ഇക്കാര്യം വെളിയില്‍ അറിയരുതെന്ന് ഭാര്യയെ താക്കീത് ചെയ്ത ശേഷമായിരുന്നു രക്തപാന പരിപാടി. ദീപ ഗര്‍ഭിണിയായിരുന്ന സമയത്ത് പോലും മഹേഷ് തന്റെ രക്തപാനത്തിന് അവധി നല്‍കിയിരുന്നില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.

ഏഴ് മാസം മുമ്പാണ് ദീപ ഒരു കുഞ്ഞിന് ജന്‍‌മം നല്‍കിയത്. കുഞ്ഞ് പിറന്ന ശേഷം തന്നില്‍ നിന്ന് രക്തം ഊറ്റുന്നതിനെതിരെ ദീപ ശക്തമായ പ്രതിഷേധം ഉയര്‍ത്തി എങ്കിലും ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നു എന്നല്ലാതെ ഫലമൊന്നും ഉണ്ടായില്ല. കടുത്ത ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം സ്വന്തം വീട്ടിലേക്ക് രക്ഷപെടുകയായിരുന്നു എന്നും ദീപ വെളിപ്പെടുത്തി.

എന്നാല്‍, ദീപയെ ശാരീരികമായി പീഡിപ്പിച്ചു എന്ന കുറ്റം മാത്രമാണ് മഹേഷിനെതിരെ ചുമത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :