മലയാളത്തില്‍ ഇപ്പോഴത്തെ നമ്പര്‍ വണ്‍ നായികയാണ് ഭാവന. ആദ്യകാലങ്ങളില്‍ സിനിമാഭിനയത്തെ ലാഘവത്വത്തോടെ സമീപിച്ച ഭാവന പിന്നീട് തികച്ചും പ്രൊഫഷണലായി മാറി. മലയാളത്തില്‍ ഇപ്പോള്‍ പ്ലാന്‍ ചെയ്യുന്ന പ്രധാന പ്രൊജക്ടുകളിലെല്ലാം നായികാ സ്ഥാനത്ത് ഭാവനയാണ്, പ്രിയദര്‍ശന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ വരെ.
സിനിമ എന്ന മാധ്യമത്തിലെത്തിയതോടെ തന്‍റെ കാഴ്ചപ്പാടുകളെല്ലാം മാറുകയായിരുന്നു എന്ന് ഭാവന പറയുന്നു. “പതിനാറാമത്തെ വയസിലാണ് ഞാന്‍ സിനിമയിലെത്തുന്നത്. ഇപ്പോള്‍ ഞാന്‍ വളരെ അഡ്വാന്‍സ്ഡായി. ലോകത്തെക്കുറിച്ചും ജീവിത സാഹചര്യങ്ങളെക്കുറിച്ചും കൂടുതല്‍ അറിഞ്ഞു. അവഗണിച്ചവര്‍ക്ക് മുന്നില്‍ വിജയിക്കാനായി. തൊഴിലിന്‍റെ മഹത്വം തിരിച്ചറിഞ്ഞു. ബോഡി മെയിന്‍റെയിന്‍ ചെയ്യാന്‍ കഴിയുന്നു. ബോള്‍ഡായി കാര്യങ്ങള്‍ കാണാനും പ്രവര്‍ത്തിക്കാനും കഴിയുന്നു. ഇതെല്ലാം ഒരു സിനിമാതാരത്തിന് കിട്ടുന്ന ഗുണങ്ങളാണ്. വീട്ടിലായാലും ലൊക്കേഷനിലായാലും ചോദിക്കുന്നതെല്ലാം കിട്ടുന്നു. എന്നാല്‍ ഈ ശീലം സ്വന്തമായി കുടുംബം നടത്തുമ്പോള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് അറിയില്ല. ഒരു ഭാര്യയായി വീട്ടിലെ എല്ലാ കാര്യങ്ങളും ഞാന്‍ തന്നെ നോക്കി നടത്തേണ്ട സാഹചര്യത്തില്‍ എന്‍റെ ശീലങ്ങളെ ഞാന്‍ എങ്ങനെ മറികടക്കും എന്ന പേടി എന്നെ ബാധിച്ചിട്ടുണ്ട്. നല്ലൊരു ഭാര്യയായി മാറാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഞാന്‍ കണ്‍ഫ്യൂഷനിലാണ്” - ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഭാവന പറയുന്നു.
“ജീവിതത്തില്‍ പലപ്പോഴും മടുപ്പ് തോന്നാറുണ്ട്. അഭിനയമൊക്കെ നിര്‍ത്തി, ആരും തിരിച്ചറിയാത്ത നാട്ടില്‍ പോയി എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാമെന്ന് മനസില്‍ തോന്നിയ നിമിഷങ്ങളുണ്ട്. എല്ലാം ഇട്ടെറിഞ്ഞ് പോകണമെന്ന് തോന്നുന്ന നേരത്താണ് ഏതെങ്കിലും ഒരു നല്ല പുസ്തകമോ, സിനിമയോ, അല്ലെങ്കില്‍ ഫേസ്ബുക്കില്‍ ഒരു ആരാധകന്‍റെ ആത്മാര്‍ത്ഥമായ മെസേജോ യാദൃശ്ചികമായി മുന്നിലെത്തുക. അതൊരു പ്രചോദനമാണ്. ആ എനര്‍ജിയില്‍ നൂറുശതമാനം ആത്മാര്‍ത്ഥതയോടെ ജീവിക്കാനുള്ള ധൈര്യം ലഭിക്കുന്നു” - ഭാവന പറയുന്നു.
പ്രണയത്തേക്കുറിച്ചും ഭാവനയ്ക്ക് കൃത്യമായ ചിന്തയുണ്ട്. “പ്രണയത്തിനുവേണ്ടി ജീവിതം നശിപ്പിക്കാന്‍ ഞാനില്ല. ഒരൊറ്റ ജീവിതമേയുള്ളൂ. അത് പ്രണയത്തിന് വേണ്ടി കളയാനുള്ളതല്ല. ജീവിതത്തിനാണ് പ്രാധാന്യം. ജീവിതമുണ്ടെങ്കിലേ പ്രണയത്തിന് സ്ഥാനമുള്ളൂ” - ഭാവന പറയുന്നു.