വരുണിനെതിരെ എന്‍‌എസ്‌എയും

ലക്നൌ| PRATHAPA CHANDRAN| Last Modified തിങ്കള്‍, 30 മാര്‍ച്ച് 2009 (08:56 IST)
പിലിബിറ്റില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥി വരുണ്‍ ഗാന്ധിക്കെതിരെ ദേശ സുരക്ഷാ നിയമ പ്രകാരവും (എന്‍‌എസ്‌എ) കേസെടുക്കുന്നു. ഒരു വര്‍ഷമെങ്കിലും ജയില്‍ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.

മതസ്പര്‍ദ്ധ ഉണ്ടാക്കിയ കുറ്റത്തിന് ദേശസുരക്ഷാ നിയമ പ്രകാരം കേസെടുക്കുന്നു എന്ന് കാണിച്ച് പിലിബിറ്റ് ജില്ലാ മജിസ്ട്രേറ്റ് വരുണ്‍ ഗാന്ധിക്ക് ഞായറാഴ്ച രാത്രി നോട്ടീസ് നല്‍കി. വരുണ്‍ ഇപ്പോള്‍ കഴിയുന്ന പിലിബിറ്റ് ജില്ലാ ജയിലിലാണ് നോട്ടീസ് നല്‍കിയത്.

പൊതുഭരണ സംവിധാനത്തിന് പ്രശ്നമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിനും സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചതിനും എതിരെയും ദേശ സുരക്ഷാ നിയമം പ്രയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ദേശ സുരക്ഷാ നിയമ പ്രകാരം കേസെടുത്താല്‍ ആറ് മാസത്തേക്ക് ജാമ്യം ലഭിക്കില്ല. അതായത്, തെരഞ്ഞെടുപ്പ് കഴിയും വരെ വരുണിന് ജയിലില്‍ കഴിയേണ്ടി വരും. കുറ്റത്തിന്‍റെ കാഠിന്യമനുസരിച്ച് ചിലപ്പോള്‍ ഒരുവര്‍ഷം വരെയും തടവ് ലഭിച്ചേക്കാം.

നേരത്തെ, വരുണിനെതിരെ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളിലും കേസെടുത്തിരുന്നു.

എന്നാല്‍, മായാവതി സര്‍ക്കാര്‍ രാഷ്ട്രീയ പക തീര്‍ക്കുന്നതിനാണ് വരുണിനെതിരെ ദേശ സുരക്ഷാ നിയമം പ്രയോഗിക്കുന്നത് എന്ന് ബിജെപി ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :