മുംബൈ|
WEBDUNIA|
Last Updated:
ചൊവ്വ, 15 ഫെബ്രുവരി 2011 (16:57 IST)
PRO
PRO
സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളിച്ചതില്‍ പ്രതിഷേധിച്ച് മുംബൈയില്‍ ദളിത് പ്രക്ഷോഭം. ഖര്‍ മേഖലയിലെ നൂറുകണക്കിന് വരുന്ന ദളിതരാണ് തിങ്കളാഴ്ച പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ജനക്കൂട്ടം ടയറുകള്‍ കത്തിച്ച് റോഡുകള്‍ ഉപരോധിച്ചു.
നാലു മണിക്കൂറോളം നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു. പ്രതിഷേധക്കാര്‍ കാറുകള്‍ക്കും കേടുവരുത്തി. ദ്രുതകര്‍മസേന രംഗത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.
അംബേദ്കറിനെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ ഫേസ്ബുക്കില്‍ വന്നതിനെക്കുറിച്ച് പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ സംഭവത്തില്‍ ആരെയും അറസ്‌റ്റ് ചെയ്തിട്ടില്ല.
മതനിന്ദ, ദൈവനിന്ദ തുടങ്ങിയ കാര്യങ്ങള്‍ പ്രചരിപ്പിക്കാനും പ്രമുഖ വ്യക്തികളെ അവഹേളിക്കാനുമായി സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ ദുരുപയോഗം ചെയ്യുന്ന പ്രവണത വിവിധ രാജ്യങ്ങളില്‍ വര്‍ദ്ധിച്ചു വരികയാണ്.