ഗാന്ധിയെ അപമാനിച്ചു; ഫേസ്‌ബുക്കിനെതിരെ കേസ്

ലഖ്നൌ| WEBDUNIA|
PRO
PRO
രാഷ്‌ട്രപിതാവായ മഹാത്മാഗാന്ധിയെ അപമാനിക്കുന്ന ഗ്രൂപ്പുണ്ടാക്കാനും തെറിയഭിഷേകം നടത്താനും യൂസര്‍മാരെ അനുവദിച്ചതിന് ഫേസ്‌ബുക്കിനെതിരെ ഉത്തര്‍‌പ്രദേശ് പൊലീസ് കേസെടുത്തു. ‘ഐ ഹെയിറ്റ് ഗാന്ധി’ എന്ന പേരില്‍ ഒരു ഗ്രൂപ്പ് ഉണ്ടാക്കാന്‍ യൂസര്‍മാരെ ഫേസ്‌ബുക്ക് അനുവദിച്ചു എന്നാണ് കേസ്. ഈ ഗ്രൂപ്പില്‍ പോസ്റ്റുചെയ്തിരിക്കുന്നത് മുഴുവന്‍ ഗാന്ധിക്കുള്ള തെറിവിളികളാണ്. ഇത് കണ്ട ഐ‌പി‌എസ് ഉദ്യോഗസ്ഥന്‍ അമിതാഭ് താക്കൂറാണ് ഫേസ്‌ബുക്കിനും ഗ്രൂപ്പിലെ അംഗങ്ങള്‍ക്കും എതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

പൊലീസില്‍ പരാതി നല്‍കുന്നതിന് മുമ്പായി ഗ്രൂപ്പ് അംഗങ്ങളുടെ മനസുമാറ്റാന്‍ താക്കൂര്‍ ശ്രമം നടത്തി. ഗ്രൂപ്പ് അംഗങ്ങളെ ഓരോരുത്തരെയായി മെയിലില്‍ ബന്ധപ്പെട്ട് ഗ്രൂപ്പില്‍ പോസ്റ്റുചെയ്തിരുന്ന തെറി ഡെലീറ്റുചെയ്യാന്‍ അഭ്യര്‍ത്ഥിച്ച താക്കൂറിനും തെറിവിളി കിട്ടിയെത്രെ.

ഫേസ്‌ബുക്ക് അധികൃതരെ ബന്ധപ്പെടാനും താക്കൂര്‍ ശ്രമിച്ചു. എന്നാല്‍ തൃപ്തികരമല്ലാത്ത മറുപടിയാണ് ഫേസ്‌ബുക്കിന്റെ കാലിഫോര്‍ണിയ ഓഫീസില്‍ നിന്ന് താക്കൂറിന് ലഭിച്ചത്. തുടര്‍ന്നാണ് ലഖ്നൌവിലെ ഗോമതി നഗര്‍ പൊലീസ് സ്റ്റേഷനില്‍ താക്കൂര്‍ പരാതിയുമായി എത്തിയത്. ഫേസ്‌ബുക്കിനെതിരെ ഉത്തര്‍‌പ്രദേശ് പൊലീസ് തയ്യാറാക്കിയിരിക്കുന്ന എഫ്‌ഐ‌ആറില്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള കുറ്റകൃത്യങ്ങള്‍ ചുമത്തപ്പെട്ടിട്ടുണ്ട്.

പൊതുശല്യം (വകുപ്പ് 290), സമാധാനം തകര്‍ക്കുന്നതിനുള്ള ഉദ്ദേശ്യത്തോടുകൂടിയുള്ള മനപൂര്‍വമായ അപമാനിക്കല്‍ (വകുപ്പ് 504), സമൂഹങ്ങള്‍ക്കുള്ളില്‍ സ്പര്‍ദ്ധയുണ്ടാക്കല്‍ (വിഭാഗം 153), ദേശീയ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രസ്താവനകള്‍ (153 എ), ഭീഷണിപ്പെടുത്തല്‍ (വകുപ്പ് 506), ഇത്തരം കാര്യങ്ങള്‍ക്കായി വിവരസാങ്കേതികവിദ്യ ഉപയോഗിക്കല്‍ (ഐടി നിയമത്തിന്റെ 66 എ വകുപ്പ്) എന്നിവയാണ് എഫ്‌ഐ‌ആറില്‍ പറയുന്ന വകുപ്പുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :