ഫെയ്മ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

ചെന്നൈ| WEBDUNIA|
PRO
PRO
പ്രവാസി മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മറുനാടന്‍ മലയാളി അസോസിയേഷന്റെ (ഫെയ്മ) അഖിലേന്ത്യാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ചെന്നൈയില്‍ വച്ച് ബുധനാഴ്ച നടന്ന ചടങ്ങില്‍ പ്രമുഖ പിന്നണിഗായിക കെഎസ് ചിത്രയാണ് ലോഗോയുടെ പ്രകാശനം നിര്‍വഹിച്ചത്. വിപുലമായ പരിപാടികളോടെ ചെന്നൈയിലെ കാമരാജ് അരങ്കത്തില്‍ ഏപ്രില്‍ രണ്ടിനും മൂന്നിനുമാണ് ഫെയ്മയുടെ അഖിലേന്ത്യാ സമ്മേളനം നടക്കുന്നത്. ലോഗോ പ്രകാശന ചടങ്ങില്‍ അധ്യക്ഷത വഹിച്ചത് പ്രസിഡന്റ് എംപി പുരുഷോത്തമനാണ്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാനൂറോളം പ്രതിനിധികള്‍ സമ്മേളനത്തിനെത്തുമെന്ന് സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ കെ.വി.വി. മോഹനന്‍ പറഞ്ഞു. പുതിയ നേതൃത്വത്തെയും സംഗമത്തില്‍ തിരഞ്ഞെടുക്കുമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ സാംസ്‌കാരിക, മെഡിക്കല്‍, സാമൂഹിക സേവന, വ്യവസായ മേഖലകളിലെ പ്രഗത്ഭ വ്യക്തിത്വങ്ങളെ ആദരിക്കുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. ഫെയ്മ ഭാരവാഹികളായ കെവി നായര്‍, കെപികെ ശങ്കരന്‍ നമ്പ്യാര്‍, കെവിവി. മോഹനന്‍, സി വേലായുധന്‍, പിവി ബാലന്‍ തുടങ്ങിയവര്‍ ലോഗോ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

ബാംഗ്ലൂരില്‍ വച്ച് 1995-ലാണ് ഫെയ്മ പിറവിയെടുക്കുന്നത്. ഉപജീവനത്തിന് വേണ്ടി അന്യസംസ്ഥാനങ്ങളില്‍ എത്തുന്ന പ്രവാസി മലയാളികള്‍ വിവിധ പ്രാദേശികസാഹചര്യങ്ങളില്‍ ജീവിക്കുന്നവരാണ്. ഇവരെല്ലാം ഒരുപോലെ നേരിടുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഫെയ്മ രൂപീകരിക്കപ്പെട്ടത്. ഇന്ത്യയില്‍ വിവിധയിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഇരുനൂറിലധികം മലയാളി സംഘടനകള്‍ ഫെയ്മയില്‍ അംഗങ്ങളായുണ്ട്.

മറുനാടന്‍ മലയാളിസംഗമമെന്ന പേരില്‍ ചെന്നൈ, കോയമ്പത്തൂര്‍, മുംബൈ എന്നിവിടങ്ങളില്‍ മുമ്പും ഫെയ്മ സമ്മേളനം സംഘടിപ്പിച്ചിരുന്നു. മറുനാടന്‍ മലയാളികളുടെ ക്ഷേമത്തിനായി കേരളസര്‍ക്കാര്‍ ആരംഭിച്ച 'നോര്‍ക്ക'യുടെ പിറവിക്കുപിന്നിലും ഫെയ്മയുടെ പ്രവര്‍ത്തനമായിരുന്നു എന്ന കാര്യം ശ്രദ്ധേയമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :