കലാപം രൂക്ഷമായ ലിബിയയില്‍ നിന്ന് ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള രണ്ട് വിമാനങ്ങള്‍ ഡല്‍ഹിയിലെത്തി. മലയാളികള്‍ ഉള്‍പ്പെടെ 528 ഇന്ത്യക്കാരാണ് ഇതിനോടകം തലസ്ഥാനത്തെത്തിച്ചേര്‍ന്നത്. ഗള്‍ഫ് യുദ്ധത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ഒഴിപ്പിക്കല്‍ നടപടിയാണിത്.
291 പേരെയും വഹിച്ചുകൊണ്ടുള്ള ബോയിംഗ് 747 വിമാനം ശനിയാഴ്ച രാത്രി 11.50 നാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാമത്തെ ടെര്‍മിനലില്‍ വന്നിറങ്ങിയത്. ശനിയാഴ്ച വൈകിട്ട്, ഇന്ത്യന്‍ സമയം 4.30-നാണ് വിമാനം ട്രിപ്പോളിയില്‍ നിന്ന് യാത്ര തിരിച്ചത്.
237 പേരടങ്ങുന്ന രണ്ടാമത്തെ സംഘം എയര്‍ ബസ് എ330 വിമാനത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ 4.10 നാണ് തിരിച്ചെത്തിയത്. ഇതിലെ മുപ്പതോളം പേര്‍ മലയാളികളാണ്. വിദേശകാര്യസഹ മന്ത്രി ഇ അഹമ്മദ്, വിദേശകാര്യ സെക്രട്ടറി നിരുപമ റാവു തുടങ്ങിയവര്‍ യാത്രക്കാരെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
മടങ്ങിവന്ന മലയാളികള്‍ക്കായി കേരളഹൗസില്‍ മുറിയും ഭക്ഷണവും യാത്രാസൗകര്യവും ഒരുക്കിയിരുന്നു. ഇവരെ കൊച്ചി, തിരുവനന്തപുരം , കോഴിക്കോട് നഗരങ്ങളിലേക്ക് വിമാനമാര്‍ഗം എത്തിക്കും. യാത്രാ ചിലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും.
സമ്പാദ്യം മുഴുവന്‍ ലിബിയില്‍ കൊള്ളയടിക്കപ്പെട്ടതിനാള്‍ നിരാശരായാണ് പലരും മടങ്ങിയെത്തിയത്. ഭാവി ജീവിതത്തെക്കുറിച്ച് ഇവര്‍ ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ കലാപം അവസാനിച്ചാല്‍ മടങ്ങിപ്പോകണം എന്നാണ് ഇവരില്‍ പലരുടെയും അഭിപ്രായം.
അഞ്ഞൂറിലധികം യാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള രണ്ടു വിമാനങ്ങള്‍ ഇന്ന് ട്രിപ്പോളിയില്‍ നിന്ന് പുറപ്പെടുന്നുണ്ട്. കലാപം രൂക്ഷമായ ലിബിയയില്‍ നിന്ന് രണ്ടാഴ്ചയ്ക്കകം എല്ലാവരെയും തിരിച്ചെത്തിക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
നാവികസേനയുടെ കപ്പലുകളായ ഐ എന്‍ എസ് ജലാശ്വ, ഐ എന്‍ എസ് മൈസൂര്‍ എന്നിവയും ലിബിയയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. 1,600 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ കപ്പല്‍. സ്‌കോട്ടിയ പ്രിന്‍സ് എന്ന മറ്റൊരു കപ്പലും ശനിയാഴ്ച ഈജിപ്തില്‍ നിന്ന് ലിബിയയിലെ ബെന്‍ഗാസിയിലേക്ക് തിരിച്ചിട്ടുണ്ട്. മെഡിക്കല്‍ സംഘവും ഇവരോടൊപ്പം പോയിട്ടുണ്ട്.
അതിനിടെ ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയിലെ ജനങ്ങള്‍ക്കു സഹായമെത്തിക്കാന്‍ യുഎഇയും തുര്‍ക്കിയും തീരുമാനിച്ചു. സഹായവുമായി രണ്ടു വിമാനങ്ങളാണ് ലിബിയയിലേക്ക് അയക്കുക.