മരണം 300 കടന്നു, ലിബിയയിലേക്കുള്ള യാത്ര ഒഴിവാക്കണം

ബെന്‍‌ഗാസി/മനാമ| WEBDUNIA|
PRO
ലിബിയയില്‍ പ്രക്ഷോഭം നടത്തുന്ന ജനങ്ങള്‍ക്കു നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ മരണം 300 കടന്നു. പ്രസിഡന്റ് മുഅമര്‍ ഗദ്ദാഫിക്കെതിരെയുള്ള പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ വിലാപയാത്രയില്‍ പങ്കെടുത്തവര്‍ക്ക് നേരെയാണ് പട്ടാളം നരനായാട്ട് നടത്തിയത്.

മരണസംഖ്യ വന്‍തോതില്‍ വര്‍ദ്ധിക്കുന്നതില്‍ മനുഷ്യാവകാശ സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. 900 പേര്‍ക്കാണ് കലാപത്തില്‍ പരുക്കേറ്റത്. ലിബിയയിലെ രണ്ടാമത്തെ വലിയ നഗരമായ ബെന്‍ഗാസിയില്‍ ജനകീയ പ്രക്ഷോഭം ആളിപ്പടരുകയാണ്. ഒരു സംഘം ഇസ്‌ലാമിക തീവ്രവാദികള്‍ ഇവിടെ സൈനികരെയും നാട്ടുകാരെയും ബന്ദികളാക്കി വെച്ചിരിക്കുന്നതായും ആരോപണമുണ്ട്.

അതേസമയം ലിബിയയിലേക്കുള്ള ഇന്ത്യക്കാരുടെ യാത്ര ഒഴിവാക്കാണമെന്നു വിദേശകാര്യ മന്ത്രാലയം ഡല്‍ഹിയില്‍ അറിയിച്ചു. ലിബിയയിലുള്ള ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്ന് മന്ത്രാലയം വ്യക്തമാക്കി. 18,000 ത്തോളം ഇന്ത്യക്കാരാണ് അവിടെ ഉള്ളത്. സര്‍ക്കാര്‍ ഇന്റര്‍നെറ്റിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം ബഹ്‌‌റൈന്‍, ടുണീഷ്യ, മൊറോക്കോ എന്നിവിടങ്ങളില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ തുടരുകയാണ്. ബഹ്‌റൈനില്‍ സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയേക്കും. അമേരിക്കയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണിത്. യെമനിലും പ്രസിഡന്റ് അലി അബ്ദുള്ള സലേഹി ചര്‍ച്ചയ്ക്ക് തയ്യാറായേക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :