പേരുകേള്‍ക്കുമ്പോള്‍ തന്നെ വിറയ്ക്കും “ഫൂലന്‍ദേവി“ അതെ ചമ്പല്‍ക്കാടുകളെ വിറപ്പിച്ച കാടിന്റെ റാണി. കൊടിയ പീഡനങ്ങളില്‍ നിന്നും കാട്ടുകൊള്ളക്കാരിയായി പിന്നെ ഏവരുടെയും പ്രശംസയ്ക്ക് പാത്രമായി മാറിയ എംപി, ഒടുവില്‍ ഒളിയമ്പ് പോലെ വന്ന ബുള്ളറ്റുകള്‍ക്ക് മുന്നില്‍ ജീവിതം നിലച്ച ഒരു ധീര വനിത.
ഉത്തര്‍പ്രദേശിലെ കുഗ്രാമമായ ഗോര്‍ഹാ കാ പുര്‍വ്വയിലെ ദളിത് കുടുംബത്തിലാണ് ഫൂലന്‍ദേവി ജനിച്ചത്. പിതാവ് ഗ്രാമത്തിലെ വള്ളക്കാരനായിരുന്നു. ജാതി വ്യവസ്ഥകള്‍ നിലനിന്നിരുന്ന ആ കാലത്ത് ഒരു ശരാശരി ദളിത് കുടുംബം അനുഭവിച്ചിരുന്ന യാദനകള്‍ ഫൂലന്‍ ദേവിയുടെ കുടുംബത്തിനെയും വേട്ടയാടിയിരുന്നു.
ഏറെ മനോഹരമായ ആ ഗ്രാമം മുതലാളിത്ത വര്‍ഗ്ഗത്തിന്റെ കൊള്ളരുതായ്മകളില്‍ പൊറുതിമുട്ടിയിരുന്നു. ഗ്രാമത്തില്‍ കൂടുതലും ടാക്കൂര്‍ വിഭാഗത്തില്‍പ്പെട്ട മുതലാളിത്ത വര്‍ഗങ്ങളായിരുന്നു. ചെറുപ്പത്തില്‍ത്തന്നെ ഫൂലന്‍ദേവിയെ മാതാപിതാക്കള്‍ ഉയര്‍ന്ന ജാതിക്കാരെ എങ്ങനെ ബഹുമാനിക്കണമെന്ന് പഠിപ്പിച്ചിരുന്നു. ടാക്കൂര്‍ എന്ത് പറഞ്ഞാലും ചെയ്യണമെന്നായിരുന്നു ആ പാവങ്ങള്‍ കുഞ്ഞു ഫൂലനെ പഠിപ്പിച്ചത്.
ബാല്യത്തിന്റെ കുസൃതികള്‍ മാറുന്നതിന് മുന്‍പ് തന്നെ കുഞ്ഞു ഫൂലനെ തന്റെ പിതാവാകാന്‍ പ്രായമുള്ള ഒരാള്‍ക്ക് കല്യാണം കഴിപ്പിച്ച് കൊടുക്കുവാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. ഒരു പാട് നിറമാര്‍ന്ന സ്വപ്നങ്ങള്‍ കണ്ടിരുന്ന ആ മനസ് ഒടുവില്‍ മാതാപിതാക്കളുടെ ആഗ്രഹത്തിന് വഴങ്ങുകയായിരുന്നു. അതോടെ കുഞ്ഞു ഫൂലന്‍ വിവാഹിതയായി.
എന്നാല്‍ ഫൂലന്‍ദേവിക്ക് ഭര്‍തൃവീട്ടില്‍ നിന്നും സ്നേഹമോ സംരക്ഷണമോ അല്ല ലഭിച്ചിരുന്നത് മറിച്ച് വേദനയും ഭര്‍ത്താവിന്റെ കൊടിയ മര്‍ദ്ദനങ്ങളും. പലപ്പോഴും ആഹാരത്തിന് വേണ്ടി ആ പാവം ചാണകം മെഴുകിയ ചുവരുകള്‍ക്കുള്ളില്‍ ഉച്ചത്തില്‍ കരയുമായിരുന്നു. ഇതേ രീതിയില്‍ വിരലിലെണ്ണാവുന്ന വര്‍ഷങ്ങള്‍ ഫൂലന്‍ദേവി ഭര്‍ത്താവിന്റെ വീട്ടില്‍ കഴിഞ്ഞു.