പ്രതിഭയുടെ മകനെതിരെ മത്സരിച്ചാല്‍ നടപടി: ചവാന്‍

മുംബൈ| WEBDUNIA| Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2009 (16:25 IST)
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ മകന്‍ രാജേന്ദ്രസിംഗ് ശേഖാവതിനെതിരെ മന്ത്രി സുനില്‍ ദേശ്മുഖ് മത്സരിച്ചാല്‍ അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടി ഉണ്ടാവുമെന്ന് സംസ്ഥാന മുഖ്യമന്ത്രി അശോക് ചവാന്‍ മുന്നറിയിപ്പു നല്‍കി.

ഒക്ടോബര്‍ 13 ന് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ മണ്ഡലമായ അമരാവതി രാജേന്ദ്രസിംഗിന് നല്‍കിയതാണ് സുനില്‍ ദേശ്മുഖിനെ പ്രകോപിപ്പിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷമായി അമരാവതിയെ പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസ് എം‌എല്‍‌എ ആണ് സുനില്‍ ദേശ്മുഖ്. 2004 ലെ തെരഞ്ഞെടുപ്പില്‍ 32,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്ന് ജയിച്ചത്.

എന്നാല്‍, ഇത്തവണ അമരാവതി സീറ്റ് രാജേന്ദ്രസിംഗിനാണ് നല്‍കിയത്. ഇതില്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയ സുനില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്ക് എതിരെ രംഗത്ത് വരുമെന്ന് പറഞ്ഞിരുന്നു. സുനിലിനെ അമരാവതിയില്‍ നിന്ന് മത്സരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമെന്നും വഴങ്ങിയില്ല എങ്കില്‍ അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടി ഉണ്ടാവുമെന്നുമാണ് അശോക് ചവാന്‍ വ്യാഴാഴ്ച പറഞ്ഞത്.

അമരാവതി സീറ്റ് രാജേന്ദ്രസിംഗിന് നല്‍കുന്നതിന് സമ്മര്‍ദ്ദമൊന്നും ഉണ്ടായില്ല എന്നും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് അദ്ദേഹത്തിന് സീറ്റ് നല്‍കിയത് എന്നും ചവാന്‍ പറഞ്ഞു. പ്രതിഭാ പാട്ടീലിന്റെ ഭര്‍ത്താവ് ദേവിസിംഗ് ശേഖാവതിന്റെ സമ്മര്‍ദ്ദഫലമായാണ് അമരാവതി സീറ്റ് രാജേന്ദ്രസിംഗിന് നല്‍കിയത് എന്ന് സുനില്‍ ദേശ്മുഖ് ആരോപണം ഉന്നയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :