പൊണ്ണത്തടിയും കുടവയറും കപ്പടാമീശയുമാണ് നമ്മുടെ പോലീസ് കഥാപാത്രങ്ങളുടെ മുഖമുദ്ര. എന്നാല്‍ തടികൂടിയപ്പോള്‍ പണികിട്ടിയ പോലീസുകാരുമുണ്ട്. നമ്മുടെ സ്വന്തം രാജ്യത്തു തന്നെയാണു സംഭവം. തടി കൂടിയതിന്റെ പേരില്‍ ആയിരത്തിലധികം പോലീസുകാരെയാണ് ആന്ധ്രാപ്രദേശില്‍ സര്‍വ്വീസില്‍നിന്നും തല്‍ക്കാലം പുറത്തുനിര്‍ത്തിയിരിക്കുന്നത്.
കോണ്‍സ്റ്റബിള്‍ മുതല്‍ ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ളവര്‍ വരെയുണ്ട് ഇങ്ങനെ 'ആക്ടീവ് സര്‍വ്വീസില്‍' നിന്നും പുറത്തുനില്‍ക്കുന്നവരില്‍. തടികുറച്ചശേഷം സര്‍വ്വീസില്‍ തിരിച്ചുകയറിയാല്‍ മതി എന്നാണ് ഇവര്‍ക്ക് കൊടുത്തിരിക്കുന്ന നിര്‍ദ്ദേശം. 90 കിലോയില്‍ കൂടുതല്‍ ഭാരമുള്ള തടിയന്മാരെയാണ് സര്‍വ്വീസില്‍നിന്നും മാറ്റി നിര്‍ത്തിയിരിക്കുന്നത്. പോലീസുകാരെ മിടുക്കന്‍മാര്‍ ആക്കുന്ന പരിപാടിയുടെ ഭാഗമായാണ് നടപടി.
കര്‍ശനമായ ഡയറ്റ് പ്ലാനുകളാണ് ഫിറ്റ്‌നസിന്റെ ഭാഗമായി പോലീസുകാര്‍ക്ക് നല്‍കിയിരിക്കുന്നത്. എന്തൊക്കെ കഴിക്കാം, എന്തൊക്കെ കഴിക്കാതിരിക്കാം എന്നിങ്ങനെയുള്ള കാര്യങ്ങളിലുമുണ്ട് ഡോക്ടറുടെ വക നിര്‍ദ്ദേശങ്ങള്‍. എല്ലാ ജില്ലകളിലും അമ്പതോളം പോലീസുകാരെങ്കിലും അമിതവണ്ണത്തിന്റെ പ്രശ്‌നമുള്ളവരാണെന്നാണ് കണക്ക്. കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ പ്രശ്‌നങ്ങളുള്ളവരാകട്ടെ, മുപ്പതിനായിരത്തിലധികം വരും. ഏതായാലും ഇതുകേട്ട് മറ്റു സംസ്ഥാനങ്ങളിലെ തടിയന്‍മാരായ പോലീസുകാരും വിരണ്ടിരിക്കുകയാണ്. കാരണം ഈ നിയമം നമ്മുടെ ജില്ലയിലും എത്തി പണി പോകുമോയെന്നാണ് ഇവരുടെ പേടി.