ഒബാമയ്ക്ക് വിഷക്കത്ത്: ആയോധനകലാ പരിശീലകന്‍ അറസ്റ്റില്‍

ടുലെപോ| WEBDUNIA|
PRO
യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് വിഷം പുരട്ടിയ കത്ത് ലഭിച്ച സംഭവവുമായി ബന്ധപ്പെട്ട് ആയോധന പരിശീലകന്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. മിസിസ്സിപ്പി ടുലെപോ സ്വദേശിയായ എവറെറ്റ് ഡത്സ്‌കെ (41) നെയാണ് എഫ്ബിഐ ശനിയാഴ്ച അറസ്റ്റു ചെയ്തത്.

ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു അറസ്റ്റ്. ആവണക്കിന്റെ കുരുവില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന മാരക വിഷമാണ് റിസിന്‍. ഇത് ചെറിയ അളവില്‍ ഉള്ളില്‍ ചെന്നാല്‍പോലും ജീവഹാനി സംഭവിക്കാം.

റിസിന്‍ വിഷം വികസിപ്പിച്ചെടുക്കുക, കൈവശം വയ്ക്കുക, ആയുധമായി ഉപയോഗിക്കാന്‍ ശ്രമിക്കുക എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് മിസിസ്സിപ്പി എഫ്ബിഐ തലവനും ജില്ലാ സ്‌റ്റേറ്റ് അറ്റോര്‍ണിയും സംയുക്ത പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ കെവിന്‍ കര്‍ട്ടിസ് എന്നയാള്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ച് വിട്ടയച്ചു. ഇയാള്‍ക്കെതിരെ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണത്.

ഈ മാസം ആദ്യമാണ് ഒബാമയ്ക്കും സെനറ്റര്‍ റോജര്‍ വിക്കറിനും റിസിന്‍ പുരട്ടിയ കത്ത് ലഭിച്ചത്. മിസിസ്സിപ്പിയിലെ ഒരു ജഡ്ജിക്കും വിഷക്കത്ത് ലഭിച്ചിരുന്നു. മിസിസ്സിപ്പിയില്‍ നിന്നാണ് കത്ത് അയച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :