മുണ്ടയില്‍ ചികിത്സ തേടിയെത്തിയത് മാവോയിസ്റ്റ് കോമളവും സംഘവും
എടക്കര|
WEBDUNIA|
PRO
മലപ്പുറം വഴിക്കടവ് മുണ്ട പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടാനെത്തിയത് കര്‍ണ്ണാടകയിലെ മാവോയിസ്റ്റ് പ്രവര്‍ത്തക കോമളവും സംഘവുമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒരു സ്ത്രീയും മൂന്നു പുരുഷന്മാരുമാണ് ചികിത്സയ്ക്ക് എത്തിയത്. രാത്രിയായിരുന്നു സംഭവം. എന്നാല്‍ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ ഇവര്‍ തിരിച്ചുപോയി.
കഴിഞ്ഞ ദിവസം തമിഴ്‌നാട് ടാസ്‌ക്ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കാണിച്ച കോമളത്തിന്റെ ഫോട്ടോയ്ക്ക് വെള്ളിയാഴ്ച ആശുപത്രിയില്‍ വന്ന യുവതിയുമായി രൂപസാദൃശ്യമുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞു.
സംഭവത്തെത്തുടര്‍ന്ന് തണ്ടര്‍ ബോൾട്ട് കമാന്‍ഡോകളുടെ നേതൃത്വത്തില്‍ മുണ്ടേരി വനമേഖലയില്‍ പരിശോധന നടത്തി. ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി, വാണിയംപുഴ എന്നീ ആദിവാസി കോളനികളിലാണ് പരിശോധന നടത്തിയത്.
മാവോയിസ്റ്റ് സാന്നിദ്ധ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മേഖലയിലെ സ്വകാര്യ ആശുപത്രികളില്‍ വഴിക്കടവ് പൊലീസ് നിരീക്ഷണം ശക്തമാക്കി. ആശുപത്രികളില്‍ രാത്രി കാവല്‍ ശക്തിപ്പെടുത്താനും അപരിചിതരായ ആളുകൾ ചികിത്സയ്ക്കെത്തിയാല്‍ വിവരമറിയിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ് പര്‍ദ്ദ ധരിച്ചെത്തിയ യുവതി ഡോക്ടറെ കാണണമെന്നാവശ്യപ്പെട്ട് ആശുപത്രിയില്‍ ബഹളം വച്ചത്. റോഡില്‍ മറ്റ് മൂന്നു പേരുമുണ്ടായിരുന്നു. വിവരം പൊലീസിലറിയിച്ചെങ്കിലും അവരെത്തും മുന്പേ സംഘം രക്ഷപ്പെട്ടു