നഗരങ്ങളില്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇനി വ്യോമസേനയുടെ നിരീക്ഷണപ്പറക്കല്‍

ഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 24 ജൂണ്‍ 2013 (11:58 IST)
PTI
രാജ്യത്ത് കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ഇനി വ്യോമസേനയുടെ അതിനൂതന വ്യോമനിരീക്ഷണ പദ്ധതി തുടങ്ങുന്നു. ഇതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടപടികള്‍ സ്വീകരിച്ചു.

വമ്പന്‍ നഗരങ്ങളായ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍, അഹമ്മദാബാദ് നഗരങ്ങളിലാണ് നിരീക്ഷണപ്പറക്കല്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്. കമാന്‍ഡോകളോടുകൂടിയ ഹെലികോപ്ടറുകള്‍, അത്യാധുനിക നിരീക്ഷണ ക്യാമറകളോട് കൂടിയ ആളില്ലാതെ പ്രവര്‍ത്തിക്കുന്ന കോപ്ടറുകള്‍, സെന്‍സറുകള്‍, മറ്റ് നിരീക്ഷണ ഉപകരണങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗം ഈ നഗരങ്ങളില്‍ ഉണ്ടാവും.

നഗരങ്ങളിലെ കുറ്റകൃത്യങ്ങള്‍ തടയാനും ക്രമസമാധാനപാലനത്തിനും വേണ്ടി നഗരങ്ങളില്‍ വ്യോമയാന നിരീക്ഷണം ആവശ്യമാണെന്ന് ആഭ്യന്തര മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങളില്‍ സൂചിപ്പിക്കുന്നുണ്ട്. നിരീക്ഷണ കോപ്ടറുകളില്‍ അത്യാധുനിക സെന്‍സറുകളും ക്യാമറകളും ഉണ്ടായിരിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

ഇതിലൂടെ ലഭിക്കുന്ന വീഡിയോ-ഓഡിയോ സന്ദേശങ്ങളും വിവരങ്ങളും കമാന്‍ഡോ നിയന്ത്രണകേന്ദ്രത്തിലേക്ക് അയക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ആഭ്യന്തരമന്ത്രാലയം ഏറെ പ്രതീക്ഷളോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :