തലയിലേറ്റ പ്രഹരം നിഡോയുടെ മരണത്തിനിടയാക്കി

ഡല്‍ഹി| WEBDUNIA|
PTI
കൊടിയ മര്‍ദ്ദനം മൂലം ഡല്‍ഹിയില്‍ കൊല്ലപ്പെട്ട വടക്കു കിഴക്കന്‍ വിദ്യാര്‍ത്ഥിയായ നിഡോ തനിയാമിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. മുഖത്തും തലയിലും ഏറ്റ കനത്ത പ്രഹരങ്ങളാണ് മരണത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തലയില്‍ കമ്പി വടി കൊണ്ടുള്ള അടിയേറ്റതാണ് പ്രധാനമായും മരണപ്പെടാന്‍ കാരണമായത്.

അരുണാചല്‍‌പ്രദേശ് എം‌എല്‍‌എയുടെ മകനാണ് തനിയാം. ഡല്‍ഹി ലജ്പത് മാര്‍ക്കറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ തനിയാമിനെ ഹെയര്‍ സ്‌റ്റൈലിന്റെ പേരില്‍ മാര്‍ക്കറ്റിലെ ഒരു കടയിലുണ്ടായിരുന്നവര്‍ വംശീയമായി അധിക്ഷേപിച്ചെന്നാണ് ആരോപണം. ഇതില്‍ പ്രകോപിതനായ തനിന്‍ തനിക്കുനേരെയുള്ള ആക്ഷേപങ്ങള്‍ക്കു മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കടയുടെ ഗ്ലാസ് തകര്‍ത്തു.

ഇതേത്തുടര്‍ന്നു കടയിലുണ്ടായിരുന്നവരുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം ഇരുമ്പുവടിയുമായി വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നു. അടിയില്‍ ഗുരുതരമായി പരിക്കേറ്റ തനിന്‍ ഒരുദിവസത്തിനു ശേഷം മരിക്കുകയായിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഫര്‍മാന്‍ (22), സുന്ദര്‍ (27), പവന്‍ (27) എന്നിവരാണ് കേസില്‍ അറസ്റ്റിലായ മൂന്നുപേര്‍. ഇന്ത്യന്‍ ശിക്ഷാനിയമം 302മത് വകുപ്പ്, എസ്‌സി/എസ്ടി നിയമം മൂന്നാം വകുപ്പ് എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കേസില്‍ കുറ്റക്കാരെന്നു സംശയിക്കുന്ന മൂന്നുപേര്‍ക്കുകൂടി വേണ്ടി പോലീസ് യുപി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും പോലീസ് തിരച്ചിലാരംഭിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരുള്‍പ്പെടെ ആറു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്‌ടെന്ന് പൊലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :