തിരൂര്‍ സംഭവം: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മലപ്പുറം തിരൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ പട്ടാപ്പകല്‍ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമസഭയില്‍ അക്രമത്തെ കുറിച്ച് കെടി ജലീല്‍ എംഎല്‍എ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു ആഭ്യന്തരന്ത്രിയുടെ പ്രതികരണം. കേസില്‍ ആകെ 13 പ്രതികളാണുള്ളതെന്നും ഇവരെല്ലാം എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

സിപിഎം ലോക്കല്‍ കമ്മറ്റി അംഗങ്ങളായ എകെ മജീദ്, അര്‍ഷാദ് എന്നിവരെയാണ് വെട്ടിപ്പരുക്കേല്‍പ്പിച്ചത്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതികളില്‍ പുരയ്ക്കല്‍ മജീദ്, നൗഫല്‍, ആലിങ്കല്‍ മജീദ്, വാടയ്ക്കല്‍ അലി എന്നിവരെ വ്യക്തമായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മതനിരപേക്ഷ ശക്തികള്‍ക്ക് മുഴുവന്‍ ഭീഷണിയായ രീതിയിലാണ് പോപ്പുലര്‍ ഫ്രണ്ടന്റെ പ്രവര്‍ത്തനെമന്ന് നേരത്തെ കെടി ജലീല്‍ എംഎല്‍എ പറഞ്ഞു. തിരൂര്‍ പോലീസ് സ്‌റ്റേഷനിലെ മുഴുവന്‍ പോലീസുകാരെയും സഥലം മാറ്റണമെന്നും ജലീല്‍ ആവശ്യപ്പെട്ടു. ഇവര്‍ പോപ്പുലര്‍ ഫ്രണ്ടിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഈ ആവശ്യത്തോട് പ്രതികരിക്കാന്‍ ആഭ്യന്തരമന്ത്രി തയ്യാറായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :