ഡൌ ചെയര്‍മാന്‍റെ അസാന്നിധ്യം: കാരണം ഭോപ്പാല്‍?

വാഷിംഗ്ടണ്‍| WEBDUNIA| Last Modified ചൊവ്വ, 22 ജൂണ്‍ 2010 (12:50 IST)
PRO
ബുധനാഴ്ച നടക്കുന്ന ഇന്തോ - യു എസ് തല ബിസിനസ് ഫോറം യോഗത്തില്‍ ഡൌ കെമിക്കല്‍‌സിന്‍റെ ചെയര്‍മാനും സി ഇ ഒയുമായ ആന്‍ഡ്രൂ ലിവെറിസ് പങ്കെടുക്കില്ല. മുന്‍‌കൂട്ടി നിശ്ചയിക്കപ്പെട്ട ചില പരിപാടികളുള്ളതിനാല്‍ അദ്ദേഹത്തിന് യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്നാണ് ഡൌ വക്താവ് അറിയിച്ചിരിക്കുന്നത്. എന്നാല്‍, ഭോപ്പാല്‍ ദുരന്തക്കേസില്‍ അടുത്തിടെ ഇന്ത്യയില്‍ നടന്ന കോടതിവിധികളുടെയും സര്‍ക്കാര്‍ സമീപനങ്ങളുടെയും അടിസ്ഥാനത്തിലാണ് ലിവെറിസിന്‍റെ ഈ വിട്ടുനില്‍ക്കലെന്നാണ് സൂചന.

1984ലെ ഭോപ്പാല്‍ വാതകദുരന്തത്തിന് കാരണക്കാരായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയെ 1999ല്‍ ഡൌ കെമിക്കല്‍ കമ്പനി സ്വന്തമാക്കിയിരുന്നു. എന്നാല്‍, ഭോപ്പാല്‍ ദുരന്തത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമൊന്നുമില്ലെന്ന് ഡൌ കൈ കഴുകുകയാണുണ്ടായത്.

അടുത്തിടെ, ഭോപ്പാല്‍ വാതക ദുരന്തത്തില്‍ എട്ടുപേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും ശിക്ഷാവിധി പ്രഖ്യാപിക്കുകയും ചെയ്തു. ശിക്ഷ കുറഞ്ഞുപോയെന്നാരോപിച്ച് പ്രക്ഷോഭം നടക്കുകയാണ്. ദുരന്തക്കേസിലെ മുഖ്യപ്രതിയായ വാറന്‍ ആന്‍ഡേഴ്സണെ വിട്ടുകിട്ടുന്നതിനായി അമേരിക്കയെ സമീപിക്കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്തോ - യു എസ് സിഇഒ തല ബിസിനസ് ഫോറം യോഗത്തില്‍ പങ്കെടുക്കുന്നത് ഉചിതമല്ലെന്ന് കണ്ടാണ് ആന്‍ഡ്രൂ ലിവെറിസ് വിട്ടുനില്‍ക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്.

എന്നാല്‍ ഭോപ്പാല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ക്ക് ലിവെറിസിന്‍റെ ഈ തീരുമാനവുമായി ബന്ധമൊന്നുമില്ലെന്ന് ഡൌ വക്താവ് അറിയിച്ചു.

ഇന്ത്യയില്‍ നിന്ന് കേന്ദ്രമന്ത്രിമാരായ പ്രണാബ് മുഖര്‍ജി, ആനന്ദ് ശര്‍മ, ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ തുടങ്ങിയവര്‍ ഈ മീറ്റിംഗില്‍ പങ്കെടുക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :