കര്‍ശന ദേഹപരിശോധന ഒഴിവാക്കണമെന്ന് ഗിലാനി

ഇസ്ലാമാബാദ്‍| WEBDUNIA|
PRO
പാകിസ്ഥാനില്‍ നിന്നെത്തുന്ന യാത്രികരെ കര്‍ശന ദേഹപരിശോധനയ്ക്ക് വിധേയമാക്കണമെന്ന യു എസ് സര്‍ക്കാര്‍ തീരുമാനം പുന: പരിശോധിക്കണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി. വിവേചനപരമായ ഇത്തരം നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധം ഇല്ലാതാക്കുമെന്നും ഗിലാനി യു എസിന് മുന്നറിയിപ്പ് നല്‍കി. പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്ന സെനറ്റര്‍ ജോണ്‍ മക്കെയ്ന്‍റെ നേതൃത്വത്തിലുള്ള യു എസ് പ്രതിനിധി സംഘത്തോടാണ് ഗിലാനി ഈ ആവശ്യമുന്നയിച്ചത്.

ക്രിസ്മസ് ദിനത്തില്‍ നൈജീരിയന്‍ സ്വദേശി യു എസ് വിമാനത്തില്‍ സ്ഫോടന ശ്രമം നടത്തിയതിനെ തുടര്‍ന്നാണ് പാകിസ്ഥാനുള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നെത്തുന്ന പൌരന്‍‌മാരെ കര്‍ശന ദേഹപരിശോധനകള്‍ക്ക് വിധേയമാക്കാന്‍ യു എസ് ഉത്തരവിട്ടത്. പാകിസ്ഥാനിലെ ഗോത്രമേഖലകളില്‍ യു എസ് നടത്തുന്ന ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ഇപ്പോള്‍ തന്നെ അത്ര രസത്തിലല്ലാത്ത ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കാനേ ഇത്തരം നടപടികള്‍ ഉപകരിക്കൂവെന്ന് ഗിലാനി പറഞ്ഞു.

അതേസമയം അമേരിക്കക്കാര്‍ക്കുനേരേ തുടര്‍ച്ചയായി ആക്രമണങ്ങളുണ്ടാകുന്നതിന്റെ പശ്ചാത്തലത്തില്‍, പാക്കിസ്ഥാനിലേക്കുള്ള യാത്രയ്ക്കെതിരെ പൗരന്മാര്‍ക്ക്‌ യുഎസ്‌ ഗവണ്‍മെന്റിന്റെ മുന്നറിയിപ്പ് നല്‍കി‌. പാക്കിസ്ഥാനില്‍, പ്രത്യേകിച്ച്‌ പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശത്ത്‌ അല്‍ ക്വൊയ്ദയും താലിബാനുമുള്‍പ്പെടെയുള്ള തീവ്രവാദിസംഘടനകളുടെ ഭീഷണി ശക്‌തമായതിനാലാണ്‌ മുന്നറിയിപ്പു നല്‍കുന്നതെന്ന്‌ യുഎസ്‌ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്മെന്റ്‌ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :