ജഡ്ജിയുടെ മകള്‍ക്ക് സുപ്രീംകോടതിയുടെ അനുമതിയോടെ പ്രണയസാഫല്യം. രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി ആര്‍ എസ് രാത്തോഡിന്റെ മകള്‍ സുപ്രിയയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കാന്‍ സുപ്രീംകോടതി രാജസ്ഥാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. സിദ്ധാര്‍ത്ഥ് മുഖര്‍ജി എന്ന യുവാവ് നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണിത്.
സുപ്രിയ താനുമായി പ്രണയത്തിലാണെന്നും എന്നാല്‍ തങ്ങളുടെ വിവാഹത്തെ എതിര്‍ക്കുന്ന റാത്തോഡ് മകളെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും കാണിച്ചാണ് സിദ്ധാര്‍ത്ഥ് കോടതിയെ സമീപിച്ചത്. രണ്ട് പേരും വ്യത്യസ്ത ജാതിക്കാരായതിനെ തുടര്‍ന്നാണ് ജഡ്ജി വിവാഹത്തെ എതിര്‍ക്കുന്നതെന്നും സിദ്ധാര്‍ത്ഥ് കോടതിയില്‍ പറഞ്ഞു.
കോടതിയുടെ നിര്‍ദ്ദേശപ്രകാരം സുപ്രിയയെ പൊലീസ് ഹാജരാക്കി. മാതാപിതാക്കളോട് അനിഷ്ടം ഒന്നും ഇല്ലെന്നും എന്നാല്‍ സിദ്ധാര്‍ത്ഥിനെ വിവാഹം കഴിക്കാനാണ് ആഗ്രഹം എന്നും സുപ്രിയ കോടതിയില്‍ ബോധിപ്പിച്ചു.