ചെന്നൈ സ്ഫോടനം: പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം

ചെന്നൈ| Last Modified വ്യാഴം, 8 മെയ് 2014 (11:49 IST)
ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ ഇരട്ട സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചു. സംശയാസ്പദമായ നിലയില്‍ പ്ലാറ്റ്‌ഫോമില്‍ കണ്ട മലയാളിക്ക് സ്‌ഫോടനവുമായി ബന്ധമില്ലെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.

ബംഗളുരു-ഗുവാഹത്തി എക്‌സ്പ്രസില്‍ സ്‌ഫോടനമുണ്ടാകുന്നതിന് തൊട്ടുമുമ്പ് ട്രെയിനില്‍നിന്ന് അതിവേഗം പുറത്തേക്കു പോയ മലയാളിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടങ്ങിയത്. സി സി ടി വിയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ രേഖാചിത്രവും തയാറാക്കിയിരുന്നു. ട്രെയിന്‍ 90 മിനുട്ട് വൈകിയതിനാല്‍ കൊളംബോയിലേക്കു പോകേണ്ടിയിരുന്ന ഇയാള്‍ വിമാനം കിട്ടുമോ എന്ന ആശങ്കയില്‍ അതിവേഗം സ്‌റ്റേഷനു പുറത്തേക്കു പോവുകയായിരുന്നെന്നു പിന്നീട് വ്യക്തമായി. ചിത്രം ടെലിവിഷന്‍ മാധ്യമങ്ങളില്‍ കണ്ട് ഇക്കാര്യം ഇയാള്‍ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു.

സിസിടിവി കാമറയ്ക്കു സമീപമെത്തിയപ്പോള്‍ ടാബ്ലെറ്റുപയോഗിച്ചു മുഖം മറച്ച ഒരാളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ടാബ്ലെറ്റില്‍ സംസാരിച്ചുകൊണ്ട് നടന്നതിനാലാണ് ഈ വ്യക്തിയുടെ ചിത്രം സിസിടിവിയില്‍ പതിയാതിരുന്നതെന്നും കണ്ടെത്തി. ഇതോടെ അന്വേഷണം വഴിമുട്ടി. ഈ സാഹചര്യത്തിലാണ് ട്രെയിനിലും പ്ലാറ്റ്‌ഫോമിലും സ്‌ഫോടനസമയത്തുണ്ടായിരുന്ന മറ്റുള്ളവരെ കുറിച്ച് അന്വേഷണം ആരംഭിച്ചത്. ട്രെയിനില്‍ യാത്ര ചെയ്തിരുന്നവര്‍ സംശയകരമായ സാഹചര്യത്തില്‍ ആരെയെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ വിവരം കൈമാറണമെന്നാണ് പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിവരങ്ങള്‍ ഇ മെയിലിലൂടെയും കൈമാറാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :