ചെന്നൈ സ്ഫോടനം: പിന്നില്‍ രണ്ട് മലയാളികള്‍?

ചെന്നൈ| Last Modified വ്യാഴം, 8 മെയ് 2014 (10:16 IST)
ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ കഴിഞ്ഞ ആഴ്‌ചയുണ്ടായ ബോംബ്‌ സ്‌ഫോടനത്തെ കുറിച്ചുള്ള അന്വേഷണം മലയാളി യാത്രക്കാരെ കേന്ദ്രീകരിച്ച്‌. ബാംഗ്ലൂര്‍-ഗുവാഹത്തി എക്‌സ്പ്രസില്‍ വ്യാജ വിലാസത്തില്‍ യാത്ര ചെയ്‌ത രണ്ട്‌ മലയാളികളെ കേന്ദ്രീകരിച്ചാണ്‌ ഇപ്പോള്‍ അന്വേഷണം മുന്നോട്ടു പോകുന്നത്‌.

എന്നാല്‍ കേസ്‌ അന്വേഷിക്കുന്ന തമിഴ്‌നാട്‌ സിബിസിഐഡി ഇവരുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കേസ്‌ അന്വേഷണത്തെ ബാധിക്കുമെന്നതിനാലാണ്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാത്തത്‌. അതേസമയം കേസില്‍ സംശയിക്കുന്ന ആളെന്ന നിലയില്‍ അന്വേഷണ സംഘം നേരത്തേ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലെ ആള്‍ക്ക്‌ സ്‌ഫോടനവുമായി ബന്ധമൊന്നുമില്ലെന്ന്‌ വ്യക്‌തമായി. പ്ലാറ്റ്‌ഫോമിലൂടെ വേഗത്തില്‍ ഓടുന്ന ദൃശ്യങ്ങളാണ്‌ സംശയത്തിനിടയാക്കിയത്‌. എന്നാല്‍ സമയം വൈകിയതിനാല്‍ വിമാനത്താവളത്തില്‍ എത്താനാണ്‌ ഇയാള്‍ വേഗത്തില്‍ പോയതെന്ന്‌ തെളിവെടുപ്പില്‍ വ്യക്‌തമായി.

കൊളംബോയിലായിരുന്ന ഇയാളെ ചെന്നൈയില്‍ വിളിച്ചുവരുത്തിയാണ്‌ അന്വേഷണ സംഘം തെളിവെടുപ്പ്‌ നടത്തിയത്‌. ഇയാളും മലയാളിയായിരുന്നു. സ്വകാര്യതയെ മാനിച്ച്‌ ഇയാളുടെയും കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വിടാനാവില്ലെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :