ഗോധ്ര: പഠിച്ചിട്ടു പ്രതികരിക്കാമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
ട്രെയിന്‍ തീവയ്പ്പുകേസിലെ പ്രത്യേക കോടതി വിധിയെ കുറിച്ച് കോണ്‍ഗ്രസ് പ്രതികരിക്കാന്‍ വിസമ്മതിച്ചു. കോടതി വിധിയെ കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്നാണ് കോണ്‍ഗ്രസ് വക്താവ് ജയന്തി നടരാജന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

എന്നാല്‍, ട്രെയിന്‍ തീവയ്പിനു ശേഷം നടന്ന വിവിധ കലാപങ്ങളില്‍ ആയിരം പേരോളം മരിക്കാനിടയായ സംഭവങ്ങളില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായി വിമര്‍ശിക്കാന്‍ ജയന്തി നടരാജന്‍ മറന്നില്ല. വിധി എന്തായാലും തീവയ്പിനു ശേഷം നടന്ന കലാപങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിനേറ്റ തിരിച്ചടിയായിരുന്നു. ഇതിന് രാജ്യത്തെ ജനങ്ങളോട് മറുപടി പറയാന്‍ നരേന്ദ്ര മോഡി ബാധ്യസ്ഥനാണ് എന്നും ജയന്തി നടരാജന്‍ പറഞ്ഞു.

അതേസമയം, വിധിയെ ബിജെപിയും വി‌എച്ച്‌പിയും സ്വാഗതം ചെയ്തു. തീവയ്പ് കേസില്‍ 31 പേരെ കുറ്റക്കാരെന്ന് കണ്ടെത്തിയതില്‍ സന്തുഷ്ടി പ്രകടിപ്പിച്ച വി‌എച്ച്‌പി 63 പേരെ വെറുതെ വിട്ടതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഗോധ്ര തീവയ്പ് കേസില്‍ കഴിഞ്ഞ സെപ്തംബറില്‍ തന്നെ വാദം പൂര്‍ത്തിയായിരുന്നു എങ്കിലും വിവിധ കാരണങ്ങളാല്‍ വിധി പ്രസ്താവിക്കുന്നത് താമസിച്ചു. മൊത്തം 94 പ്രതികളില്‍ 31 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി 63 പേരെ വെറുതെ വിട്ടു. അയോധ്യയില്‍ നിന്ന് മടങ്ങുകയായിരുന്ന കര്‍സേവകരടക്കം 58 പേരാണ് 2002 ഫെബ്രുവരി 27ന് ഗോധ്ര റെയില്‍വേ സ്‌റ്റേഷനില്‍ സബര്‍മതി എക്‌സ്​പ്രസ്സിലെ എസ്6 കോച്ച് കത്തി മരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :