തകര്‍പ്പന്‍ ഭരണതന്ത്രങ്ങളിലൂടെ ഇരുപത്തിയൊന്ന് ലക്ഷം കോടി രൂപയുടെ നിക്ഷേപം ഗുജറാത്തില്‍ എത്തിയച്ച മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് ബിജെപി പ്രസിഡന്റ് നിതിന്‍ ഗഡ്‌കരിയുടെ പ്രശംസ. രാജ്യത്തെ ഏറ്റവും മിടുക്കനായ മുഖ്യമന്ത്രിയാണ് മോഡി എന്നാണ് ഗഡ്‌കരി പറയുന്നത്. വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ ഗുജറാത്തിനെ മാതൃകയാക്കണമെന്നും ഗഡ്‌കരി പറയുന്നു. ഗുജറാത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ പ്രകീര്‍ത്തിച്ചുകൊണ്ട് അയച്ച കത്തിലാണ് നരേന്ദ്രമോഡിയെ ഗഡ്‌കരി അഭിനന്ദനം കൊണ്ട് മൂടിയത്.
ഗുജറാത്തിലെ ഗാന്ധിനഗറില്‍ രണ്ടു ദിവസം നീണ്ടുനിന്ന ആഗോള നിക്ഷേപ സംഗമമായ ‘വൈബ്രന്റ് ഗുജറാത്ത്’ വെള്ളിയാഴ്ചയാണ് സമാപിച്ചത്. ഈയവസരത്തിലാണ് മോഡിയെ പ്രശംസിച്ചുകൊണ്ട് ഗഡ്‌കരി കത്തയച്ചിരിക്കുന്നത്. ആഗോള നിക്ഷേപ സംഗമത്തില്‍ 7,936 ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടെന്നും ഇതിലൂടെ 52 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും സംഗമത്തില്‍ പങ്കെടുത്തുകൊണ്ട് നരേന്ദ്രമോഡി പറഞ്ഞു. 20.83 ലക്ഷം കോടിയുടെ നിക്ഷേപമാണ് ഗുജറാത്തിന് ലഭിച്ചിരിക്കുന്നത്.
101 രാജ്യങ്ങളില്‍ നിന്നു 1,400-ലധികം വിദേശ പ്രതിനിധികള്‍ നിക്ഷേപ സംഗമത്തില്‍ പങ്കെടുത്തു. എസ്സല്‍ ഇന്‍ഫ്രയുടെ 5,200 കോടിയുടെ മാലിന്യ നിര്‍മാര്‍ജന പദ്ധതി, എല്‍ ആന്‍ഡ് ടിയുടെ 5000 കോടിയുടെ അഹമ്മദാബാദ് മോണോ റെയ്ല്‍ പദ്ധതി എന്നിവയ്ക്കും ധാരണയായി. തുറമുഖ, കപ്പല്‍ നിര്‍മാണ മേഖലയ്ക്കു ലഭിച്ചത് ഒരു ലക്ഷം കോടിയുടെ നിക്ഷേപം. അഡാനി ഹാസിരയില്‍ 8000 കോടിയുടെ കാര്‍ഗോ ടെര്‍മിനല്‍ നിര്‍മിക്കും. എസ്സാര്‍ മുടക്കുന്നത് 81000 കോടി.
ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍ സെക്റ്ററില്‍ 26000 കോടിയുടെ നിക്ഷേപം ലഭിച്ചു. പവര്‍, മാനുഫാക്ചറിംഗ്, ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകളിലും മികച്ച നിക്ഷേപം ലഭിച്ചു. ഊര്‍ജോത്പാദന മേഖലയില്‍ ഏഴു വര്‍ഷത്തിനുള്ളില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് 50,000 കോടി മുതല്‍മുടക്കും. കെമിക്കല്‍സ്, ടെക്സ്റ്റൈല്‍സ്, ഭക്ഷ്യസംസ്കരണം, ജെംസ് ആന്‍ഡ് ജ്വല്ലറി എന്നിവ ഉള്‍പ്പെടുന്ന മാനുഫാക്ചറിങ് സെക്റ്ററില്‍ 4.73 ലക്ഷം കോടിയുടെ നിക്ഷേപം ലഭിച്ചു. പവര്‍ സെക്റ്ററില്‍ 6.25ലക്ഷം കോടിയുടെ നിക്ഷേപം.