ഗാന്ധിത്തൊപ്പി ഐപി‌എല്‍ കീഴടക്കുമോ?

ന്യൂഡല്‍ഹി| WEBDUNIA|
PTI
അഴിമതിക്കെതിരെ അണ്ണാഹസാരെ നടത്തുന്ന ഐതിഹാസിക പോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍, ഐപി‌എല്‍ പ്രേമികള്‍ ഗാന്ധിത്തൊപ്പി ധരിച്ച് ഗാലറികളിലേക്ക് പോകാന്‍ സൈബര്‍ ലോകം ആവശ്യപ്പെടുന്നു. ഹസാരെയുടെ സമരത്തിന് പിന്തുണ നല്‍കാന്‍ ‘നെറ്റിസണ്‍സ്’ ഒരുമിച്ച് നില്‍ക്കണമെന്നും സൈബര്‍ ലോകത്തു നിന്ന് ആഹ്വാനമുയരുന്നു.

വെള്ളിയാഴ്ച ആരംഭിക്കുന്ന ഐപി‌എല്‍ പരമ്പര കാണുന്നതിന് ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുള്ള ഗാലറികളില്‍ എത്തുന്ന കാണികളെല്ലാം ഗാന്ധിത്തൊപ്പി ധരിച്ച് സമരത്തിന് പിന്തുണ അറിയിക്കണമെന്നാണ് ഒരു ബ്ലോഗര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഐപി‌എല്‍ മത്സരത്തിന് ബൃഹത്തായ കവറേജ് ഉണ്ടായിരിക്കുമെന്നതിനാല്‍ അഴിമതി വിരുദ്ധ സമരത്തിന്റെ സന്ദേശം ഇന്ത്യക്കാര്‍ക്കിടയില്‍ എളുപ്പത്തിലെത്തിക്കാന്‍ ഇതുകൊണ്ട് സാധിക്കുമെന്നാണ് ബ്ലോഗര്‍ വാദിക്കുന്നത്.

ഐപി‌എല്‍ വേദികളിലെത്തുന്നവര്‍ ഗാന്ധിത്തൊപ്പി ധരിക്കുക മാത്രമല്ല അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണം എന്നും ആവേശഭരിതനായ ബ്ലോഗര്‍ നിര്‍ദ്ദേശിക്കുന്നു. അണ്ണാജിക്ക് ക്രിക്കറ്റിനെക്കാള്‍ പ്രാധാന്യം നല്‍കണമെന്നാണ് മറ്റൊരാള്‍ നിര്‍ദ്ദേശിക്കുന്നത്.

ഒരാള്‍ തന്റെ ബ്ലോഗില്‍ അണ്ണാഹസാരെയെ രണ്ടാം മഹാത്മാഗാന്ധി എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഓരോമിനിറ്റിലും ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള നിരവധി ട്വീറ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. അണ്ണാഹസാരെ, ജന്തര്‍മന്തര്‍, അഴിമതി തുടങ്ങിയ വാക്കുകളാണ് ട്വിറ്ററിന് ഇന്ത്യയില്‍ ഇപ്പോള്‍ പ്രിയപ്പെട്ട വാക്കുകള്‍. ഓരോ മിനിറ്റിലും ഹസാരെയെ കുറിച്ചുള്ള അമ്പതിലധികം അപ്ഡേറ്റുകളാണ് ഫേസ്ബുക്കിലും ട്വിറ്ററിലും പ്രത്യക്ഷമാവുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :