ന്യൂഡല്‍ഹി|
JOYS JOY|
Last Modified ചൊവ്വ, 10 മാര്‍ച്ച് 2015 (08:13 IST)
മഹാത്മാഗാന്ധിയെ വിമര്‍ശിച്ച് ജസ്റ്റിസ് മാര്‍ക്കണ്ഠേയ കട്‌ജു. തന്റെ ബ്ലോഗിലാണ് കട്‌ജു ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബ്രിട്ടീഷുകാരുടെ നയങ്ങള്‍ ആയിരുന്നു ഗാന്ധിജി പിന്തുടര്‍ന്നിരുന്നതെന്ന് ബ്ലോഗില്‍ കട്‌ജു വിമര്‍ശിക്കുന്നു. ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുത്വത്തില്‍ മാത്രം അധിഷ്‌ഠിതമായതെന്നും കട്‌ജു ബ്ലോഗില്‍ വിമര്‍ശിക്കുന്നുണ്ട്.
ഗാന്ധിജിയുടെ പ്രസംഗങ്ങളും എഴുത്തുകളും പരിശോധിക്കുകയാണെങ്കില്‍ ഇക്കാര്യം വ്യക്തമാകുമെന്നും കട്‌ജു പറയുന്നു. ഇന്ത്യയില്‍ എത്തിയതിനു ശേഷം ഗാന്ധിജി നടത്തിയ പ്രസംഗങ്ങളില്‍ ഹിന്ദു ആശയങ്ങള്‍ ആയിരുന്നു നിഴലിച്ചിരുന്നത്. രാമരാജ്യ, ഗോ സംരക്ഷണം, ബ്രഹ്‌മചര്യ, വര്‍ണാശ്രമം അഥവ ജാതി വ്യവസ്ഥ തുടങ്ങിയവ ഗാന്ധിജിയുടെ ആശയങ്ങള്‍ ആയിരുന്നെന്ന് കട്ജു കുറ്റപ്പെടുത്തുന്നു.
1921 ജൂണ്‍ 10ന് ‘യങ് ഇന്ത്യ’യില്‍, താന്‍ ഒരു സനാതന ഹിന്ദുവാണെന്നും വര്‍ണാശ്രമത്തില്‍ താന്‍ വിശ്വസിക്കുന്നെന്നും ഗാന്ധിജി വ്യക്തമാക്കിയിരുന്നു. ഒപ്പം, പശുക്കളുടെ സംരക്ഷണത്തിലും താന്‍ വിശ്വസിക്കുന്നെന്നും ഗാന്ധിജി ആ ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ, പൊതുസമ്മേളനങ്ങളില്‍ ഹിന്ദു പ്രാര്‍ത്ഥനാഗാനമായ ‘രഘുപതി രാഘവ രാജാറാം’ ഉറക്കെ പാടുകയും ചെയ്തിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഉള്ളതിനേക്കാള്‍ തീവ്രമതചിന്താഗതിക്കാര്‍ ആണ് ഇന്ത്യക്കാര്‍ ഇപ്പോള്‍ എന്നും കട്‌ജു വിമര്‍ശിക്കുന്നു.