ക്യാന്‍സര്‍ മരുന്നിന് പേറ്റന്റ്: ആഗോള കമ്പനിയ്ക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
സ്വിസ് മരുന്ന് കമ്പനിയായ നൊവാര്‍ട്ടിസും ഇന്ത്യാ സര്‍ക്കരും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ടുനിന്ന നിയമയുദ്ധത്തില്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധി. ബ്ലഡ് ക്യാന്‍സറിനും കുടലിലെ ക്യാന്‍സറിനുമുള്ള മരുന്നായ ഗ്ലിവെക്കിന്റെ(Glivec) പേറ്റന്റിനായി നൊവാര്‍ട്ടിസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു. ജസ്റ്റീസുമാരായ അഫ്താബ് ആലം, രഞ്ജനാ ദേശായ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പിഴയോടുകൂടിയാണ് ഹര്‍ജി തള്ളിയത്.
നൊവാര്‍ട്ടീസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയത് ഇന്ത്യന്‍ കമ്പനികള്‍ക്ക് ആശ്വാസകരമായ വിധിയാണ്. ഇന്ത്യന്‍ കമ്പനികളുടെ മരുന്നിന്‍െറ പത്തിരട്ടി വിലക്കാണ് നൊവാര്‍ട്ടിസ് തങ്ങളുടെ ബ്രാന്‍ഡ് മരുന്ന് വില്‍ക്കുന്നത്. നൊവാര്‍ട്ടീസിന്റെ ഗ്ലിവെക് മരുന്നിന് ഒരുമാസത്തേക്ക് ഒന്നര ലക്ഷത്തോളം രൂപ ചെലവ് വരും. എന്നാല്‍ ഇന്ത്യന്‍ കമ്പനിയായ സിപ്ലെയും നാറ്റ്‌കോയും നിര്‍മ്മിക്കുന്ന ഇതേഘടനയിലുള്ള ജെനറിക് മരുന്നിന് മാസം 8,000 രൂപയോളം മതിയാകും. വിധി നൊവാട്ടീസിന് അനുകൂലമായിരുന്നുവെങ്കില്‍ മറ്റ് മാരകരോഗങ്ങള്‍ക്ക് ഈ കമ്പനി ഉത്പാദിപ്പിക്കുന്ന മരുന്നുകളുടെ വിലയേയും ഇത് ബാധിക്കുമായിരുന്നു.
ഏഴ് വര്‍ഷമായി നൊവാര്‍ട്ടിസ് തുടരുന്ന നിയമയുദ്ധത്തിനാണ് വിരാമമാകുന്നത്. ഗ്ലിവെക് പുതിയ ഉല്പന്നമാണെന്നും അതിനാല്‍ പേറ്റന്റിന് അര്‍ഹതയുണ്ടെന്നുമാണ് നൊവാര്‍ട്ടിസ് വാദിച്ചത്. എന്നാല്‍ മുമ്പ് പേറ്റന്റ് നേടിയ മരുന്നില്‍ അല്പം മാറ്റങ്ങള്‍ വരുത്തി പുതിയ പേറ്റന്റ് നേടാനുള്ള തന്ത്രത്തെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. തികച്ചും പുതിയതോ കാതലായ മാറ്റങ്ങള്‍ വരുത്തിയതോടെ ആയ മരുന്നുകള്‍ക്ക് മാത്രം പേറ്റന്റ് നല്‍കിയാല്‍ മതി എന്ന ഇന്ത്യന്‍ പേറ്റന്റ് നിയമപ്രകാരമാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്. രാസഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താതെ പുതിയ മരുന്നിന് പേറ്റന്റ് നേടാനുള്ള തന്ത്രത്തെ എവര്‍ഗ്രീനിങ് എന്നാണ് അറിയപ്പെടുന്നത്.
2006ലാണ് നൊവാര്‍ട്ടിസിന്റെ പേറ്റന്റ് അപേക്ഷ ചെന്നൈയിലെ ഇന്ത്യന്‍ പേറ്റന്റ് ഓഫിസ് നിരസിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ പേറ്റന്റ് അപ്പലേറ്റ് ബോര്‍ഡും മദ്രാസ് ഹൈകോടതിയും നൊവാര്‍ട്ടിസിന്റെ ഹര്‍ജി തള്ളി. 2009ലാണ് കമ്പനി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.