കോടതിയലക്ഷ്യക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി രാജ പര്‍വേസ് അഷ്റഫിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. അഴിമതിക്കേസില്‍ തനിക്കെതിരായ ഉയര്‍ന്ന ആരോപണം അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് അഷ്റഫ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇഫ്തികാര്‍ ചൗധരിക്ക് കത്തയച്ചിരുന്നു.
കേസില്‍ അഷ്റഫ് കോടതിയെ സ്വാധീനിക്കാന്‍ നടത്തിയ ശ്രമമാണ് ഇതെന്ന് കോടതി നിരീക്ഷിച്ചു. രണ്ടാഴ്ചക്കുള്ളില്‍ നേരിട്ട് ഹാജരാകണമെന്നു പര്‍വേസ് അഷ്റഫിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് ഇഫ്തികാര്‍ ചൗധരി അധ്യക്ഷനായ മൂന്നംഗ സുപ്രീംകോടതി ബെഞ്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വൈദ്യൂതി പദ്ധതികളുമായി ബന്ധപ്പെട്ട് അഴിമതിക്കേസ് അന്വേഷിക്കാനാണ് കമ്മീഷന്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് അഷ്റഫ് കത്തയച്ചിരുന്നത്. കേസില്‍ കോടതിയുടെ തീരുമാനം അഷ്റഫ് അംഗീകരിച്ച സാഹചര്യത്തില്‍ ഉത്തരവ് പുനപരിശോധിക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.