ബി ജെ പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി കോണ്‍ഗ്രസിനെ ന്യായീകരിച്ച് രംഗത്തെത്തി. 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ബന്ധമൊന്നുമില്ലെന്നാണ് ഗഡ്‌കരിയുടെ അഭിപ്രായം. ബി ബി സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗഡ്കരി ഇങ്ങനെ പറയുന്നത്.
സിഖ് വിരുദ്ധ കലാപം അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരാണ് തുടങ്ങിവച്ചതെന്ന ആരോപണം നിതിന്‍ ഗഡ്കരി തള്ളിക്കളഞ്ഞു.
“ചില ആളുകള്‍ ആ കലാപത്തില്‍ ഉള്‍പ്പെട്ടിരിക്കാം. എന്നാല്‍ കലാപത്തിന് കാരണം അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരാണെന്ന ആരോപണം പൂര്‍ണമായും ശരിയല്ല. സിഖ് വിരുദ്ധ കലാപം പോലെ ഒരു സംഭവം ആര്‍ക്കെങ്കിലും സൃഷ്ടിക്കാനോ ആസൂത്രണം ചെയ്യാനോ കഴിയില്ല. ഇത് ഒരു ആള്‍ക്കൂട്ടത്തിന്‍റെ നിര്‍ഭാഗ്യകരമായ പ്രതികരണമാണ്” - ബി ജെ പി അധ്യക്ഷന്‍ പറയുന്നു.
ബി ജെ പിക്കും ബി ജെ പി സര്‍ക്കാരിനും ബാബ്‌റി മസ്ജിദ് തകര്‍ത്ത സംഭവത്തിലും ഗുജറാത്ത് കലാപത്തിലുമുള്ള പങ്കിനെപ്പറ്റി ചോദ്യമുയര്‍ന്നപ്പോഴാണ് നിതിന്‍ ഗഡ്‌കരി ഇങ്ങനെ പറഞ്ഞത്. “ഗുജറാത്ത് കലാപം നിര്‍ഭാഗ്യകരമാണ്. പക്ഷേ, മറ്റ് സംസ്ഥാനങ്ങളില്‍ കലാപമുണ്ടാകുമ്പോള്‍ അവിടുത്തെ സര്‍ക്കാരിനും മുഖ്യമന്ത്രിമാര്‍ക്കുമെതിരെ ഇത്തരം ആരോപണം ഉണ്ടാകാത്തത് എന്തുകൊണ്ടാണ്? നരേന്ദ്രമോഡിയെ മാത്രം ഇങ്ങനെ കുറ്റപ്പെടുത്തുന്നതെന്തിനാണ്?” - ഗഡ്കരി ചോദിക്കുന്നു.
ബി ജെ പി മുസ്ലിം സമുദായത്തിന് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങള്‍ മുസ്ലീം വിരുദ്ധരായിരുന്നു എങ്കില്‍ എ പി ജെ അബ്ദുള്‍ കലാമിനെ രാജ്യത്തെ പ്രസിഡന്‍റായി നോമിനേറ്റ് ചെയ്യുമായിരുന്നോ?” - ഗഡ്കരി ചോദിക്കുന്നു.