സരബ്ജിത്തിന്‍റെ രക്ഷയ്ക്കായി ഒബാമയ്ക്ക് കത്ത്!

ന്യൂഡല്‍ഹി| WEBDUNIA|
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന സരബ്ജിത് സിംഗിന്‍റെ കേസില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്‍റ്‌ ബരാക് ഒബാമയ്ക്ക് ഡല്‍ഹിയിലെ ഒരു അഭിഭാഷകന്‍ കത്തെഴുതി. പാക് ജയിലില്‍ നിന്ന് സരബ്ജിത്തിനെ മോചിപ്പിക്കാനായി ഒബാമ ഇടപെടണമെന്നാണ് കത്തിലെ ആവശ്യം.

“ഇതു സംബന്ധിച്ച് ഒബാമയ്ക്ക് ഞാന്‍ കത്തെഴുതിയിട്ടുണ്ട്. മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി പോരാടാനുള്ള മനസും കഴിവും ഒബാമയ്ക്കുണ്ട്. സരബ്ജിത്തിന്‍റെ മോചനം ഒബാമ സാധ്യമാക്കുമെന്ന് പ്രതീക്ഷിക്കാം.” - അഭിഭാഷകനാ‍യ സൂറത് സിംഗ് പറഞ്ഞു. ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി ഉള്‍പ്പടെയുള്ള ലോകനേതാക്കള്‍ക്ക് താന്‍ ഇനിയും കത്തെഴുതുമെന്നും സൂറത് സിംഗ് അറിയിച്ചു.

കരുണാപൂര്‍വമായ ഒരു ഇടപെടല്‍ ഈ കേസില്‍ ഒബാമയുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് സരബ്ജിത്തിന്‍റെ സഹോദരി ദല്‍ബീര്‍ കൌര്‍ പ്രത്യാശ പ്രകടിപ്പിച്ചു. “സരബ്ജിത് ഞങ്ങളുടെ കുടുംബത്തിലേക്ക് തിരികെയെത്തുന്ന ദിവസത്തിനായി ഞാന്‍ കാത്തിരിക്കുകയാ‍ണ്” - ദല്‍ബീര്‍ പറഞ്ഞു.

ലാഹോറിലും മുള്‍ട്ടാനിലും 1990 ല്‍ നടന്ന സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ടാണ് സരബ്ജിത് സിംഗിനെ പാകിസ്ഥാന്‍ പിടികൂടിയത്. 1991 മുതല്‍ പാകിസ്ഥാനിലെ കോട്ട് ലഖ്പത് ജയിലിലാണ് സരബ്ജിത് സിംഗ്. കേസില്‍ സരബ്ജിത്തിനെ തൂക്കിലേറ്റാനും പാകിസ്ഥാന്‍ കോടതി വിധിച്ചിരുന്നു. കഴിഞ്ഞ ഏപ്രില്‍ ഒന്നിന് ശിക്ഷ നടപ്പാക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇത് നീട്ടിവെക്കുകയായിരുന്നു.

സരബ്ജിത് സിംഗ് ഈ കേസില്‍ നിരപരാധിയാണെന്നും ആളുമാറിയാണ് സിംഗിനെ പാകിസ്ഥാന്‍ ശിക്ഷിച്ചിരിക്കുന്നതെന്നും ആണ് കുടുംബാംഗങ്ങള്‍ വിശദീകരിക്കുന്നത്. നേരത്തെ പാകിസ്ഥാന്‍ പ്രസിഡന്റിനും കുടുംബാംഗങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ദയാഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഇതിന്‍റെ തുടര്‍നടപടികളില്‍ വേണ്ടത്ര പുരോഗതിയില്ലാത്തതിനാല്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കാനും കുടുംബാംഗങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :