കോണ്ടിനെന്‍റല്‍ ഖേദപ്രകടനം നടത്തി

ന്യൂഡല്‍ഹി| WEBDUNIA|
മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിനെ ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് ദേഹപരിശോധനയ്ക്ക് വിധേയമാക്കിയ സംഭവത്തില്‍ കോണ്ടിനെന്റല്‍ എയര്‍ലൈന്‍സ് ബുധനാഴ്ച ഖേദം പ്രകടിപ്പിച്ചു.

“ഞങ്ങള്‍ ഔപചാരികമായ ഖേദം പ്രകടിപ്പിക്കുന്നു. കലാമിന്റെ വികാരങ്ങള്‍ മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല. കലാമിന് എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടു എങ്കില്‍ ക്ഷമ ചോദിക്കുന്നു“, കോണ്ടിനെന്റല്‍ നല്‍കിയ ഖേദപ്രകടനത്തില്‍ പറയുന്നു. എന്നാല്‍, തുടര്‍ന്നും നിയമങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നും കമ്പനി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നുണ്ട്.

ഏപ്രില്‍ 21 ന് ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് ന്യൂവാര്‍ക്കിലേക്കുള്ള യാത്രയ്ക്ക് മുമ്പ് കലാമിന്റെ ഷൂസ് ഊരി സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയത് വിവിധരാഷ്ട്രീയ കക്ഷികള്‍ അപലപിച്ചിരുന്നു. ഇതെ തുടര്‍ന്ന്, വ്യോമയാന മന്ത്രാലയം കോണ്ടിനെന്റല്‍ കമ്പനിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ഇന്ത്യന്‍ നിയമം അനുസരിച്ച്, മുന്‍ പ്രധാനമന്ത്രിമാര്‍, മുന്‍ രാഷ്ട്രപതിമാര്‍, ചീഫ് ജസ്റ്റിസ് എന്നിവരെ വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കാറില്ല.

കുറ്റക്കാരായ വിമാന കമ്പനി ഉദ്യോഗസ്ഥരോട് ഉടന്‍ രാജ്യം വിടാന്‍ ആവശ്യപ്പെടണമെന്ന് കഴിഞ്ഞ ദിവസം രാജ്യസഭാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കണം എന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. കലാമിനെ നേരില്‍ കണ്ട് ഖേദപ്രകടനം നടത്തുമെന്ന് വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ കഴിഞ്ഞ ദിവസം രാജ്യസഭയെ അറിയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :