ഇന്ത്യന്‍ മുജാഹിദീന്‍ എന്ന ഭീകരസംഘടനയുടെ സ്ഥാപകരില്‍ ഒരാളായ യാസീന്‍ ഭട്കല്‍ 2008ല്‍ കൊല്‍ക്കത്ത പൊലീസിന്റെ പിടിയിലായിരുന്നു എന്ന് റിപ്പോര്‍ട്ട്. വ്യാജ കറന്‍സി കൈവശം വച്ച കേസില്‍ ആയിരുന്നു ഇത്. എന്നാല്‍ മാസങ്ങള്‍ക്കകം ഇയാള്‍ ജയില്‍ മോചിതനാകുകയായിരുന്നു.
രാജ്യം തേടുന്ന ഈ കൊടുംഭീകരനെ കൊല്‍ക്കത്ത സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ആണ് അന്ന് അറസ്റ്റ് ചെയ്തത്. ഇന്റലിജന്‍സ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. തുടര്‍ന്ന് ഇയാള്‍ ജയിലില്‍ ആയി. എന്നാല്‍ ഇയാളുടെ പക്കല്‍ ഉണ്ടായിരുന്ന ഐഡന്റിറ്റി കാര്‍ഡ് ആണ് കാര്യങ്ങള്‍ മാറ്റിമറിച്ചത്. യാസീന്‍ ഭക്ടല്‍ എന്ന പേരില്‍ ബിഹാറില്‍ നിന്നുള്ള വിലാസം ആണ് അതില്‍ രേഖപ്പെടുത്തിയിരുന്നത്. ബിഹാര്‍ പൊലീസുമായി ബന്ധപ്പെട്ടപ്പോള്‍ ആ വിലാസം യഥാര്‍ത്ഥമാണെന്ന് കണ്ടെത്താനായി. അങ്ങനെ യാസീന്‍ ഭക്ടലിനെ പൊലീസ് സ്വതന്ത്രനാക്കുകയും ചെയ്തു. ഇയാള്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് കണ്ടെത്തുന്നതില്‍ കൊല്‍ക്കത്ത പൊലീസിന് വീഴ്ച സംഭവിച്ചു എന്ന് വേണം കരുതാന്‍. പൊലീസിനെ പറ്റിക്കാനായി ഒരു ബിഹാറുകാരന്റെ തിരിച്ചറിയല്‍ കാര്‍ഡ് യാസീന്‍ ഭട്കല്‍ മോഷ്ടിച്ചതാവാം.
2010ല്‍ കൊല്‍ക്കത്തയില്‍ പിടിയിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരെ ചോദ്യം ചെയ്തപ്പോഴാണ് മുമ്പ് തങ്ങള്‍ വെറുതെ വിട്ടത് യാസീന്‍ ഭക്ടലിനെ ആണെന്ന് പൊലീസിന് ബോധ്യമായത്.
ഇന്ത്യ നടുങ്ങിയ പല സ്ഫോടനങ്ങള്‍ക്കും പിന്നില്‍ യാസീന്‍ ഭട്കലും സംഘവും നയിക്കുന്ന ഇന്ത്യന്‍ മുജാഹിദീന്‍ ആണ്. ഹൈദരാബാദ് സ്ഫോടനവും ആസൂത്രണം ചെയ്തത് ഇവര്‍ തന്നെയാണെന്നും സൂചനകളുണ്ട്.