ബണ്ടി ചോറിനെ തിരുവനന്തപുരത്ത് എത്തിച്ചു

പൂനെ| WEBDUNIA|
PRO
PRO
പൂനെയില്‍ അറസ്റ്റിലായ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ കേരളപൊലീസ് തിരുവനന്തപുരത്ത് എത്തിച്ചു. തിങ്കളാ‍ഴ്ച രാവിലെ എയര്‍ഇന്ത്യയുടെ എഐ 667 മുംബൈ-തിരുവനന്തപുരം വിമാനത്തിലാണ് ബണ്ടി ചോറിനെ എത്തിച്ചത്. മഹാരാഷ്ട്ര പൊലീസ് അതീവ സുരക്ഷയിലാണ് ഇയാളെ മുംബൈ വിമാനത്താവളത്തില്‍ എത്തിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിലും വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയത്.

മാധ്യമപ്പടയും വന്‍ ജനക്കൂട്ടവുമാണ് ബണ്ടിയെ കാണാനായി വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയത്. തിരുവനന്തപുരം സിറ്റി പൊലീസ് ഇയാളെ നന്ദാവനം എ ആര്‍ ക്യാമ്പില്‍ എത്തിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്യും. വൈകീട്ട് കോടതിയില്‍ ഹാജരാക്കും.

ബണ്ടി ചോര്‍ ശനിയാഴ്ചയാണ് പൂനെയില്‍ പിടിയിലായത്. പൂനെയിലെ സായ് എക്‌സിക്യൂട്ടീവ് ഹോട്ടലില്‍ നിന്ന് മഹാരാഷ്ട്ര പൊലീസാണ് ബണ്ടി ചോറിനെ പിടികൂടിയത്. തുടര്‍ന്ന് കേരളാ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തിരുവനന്തപുരത്തെ വിദേശമലയാളിയുടെ വീട്ടില്‍ മോഷണം നടത്തിയത് താനാണെന്ന് ബണ്ടി ചോര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
മറ്റു സംസ്ഥാനങ്ങളിലായി എഴുന്നൂറോളം കേസുകള്‍ ബണ്ടി ചോറിനെതിരെയുണ്ട്. എന്നാല്‍ മഹാരാഷ്ട്രയില്‍ ബണ്ടി ചോറിനെതിരെ നിലവില്‍ കേസുകളില്ല.

ജനുവരി 21ന് പുലര്‍ച്ചെയാണ് പട്ടത്തെ വന്‍ സുരക്ഷാ സംവിധാനമുള്ള വീട്ടില്‍ ബണ്ടി ചോര്‍ കവര്‍ച്ച നടത്തിയത്. ഒരു ആഡംബര കാറിനു പുറമേ ഒരു ലക്ഷം വില വരുന്ന ലാപ്ടോപ്പും 40,000 രൂപ വില വരുന്ന ഒരു മൊബൈല്‍ ഫോണും 15,000 രൂപ വില വരുന്ന മറ്റൊരു മൊബൈല്‍ ഫോണും അര പവന്റെ മോതിരവും 2000 രൂപയുമാണ് ഇവിടെ നിന്നും ബണ്ടി ചോര്‍ കവര്‍ന്നത്.

ഡല്‍ഹി സ്വദേശിയായ ബണ്ടി ചോര്‍. ഒറ്റയ്ക്ക് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തിട്ടുള്ള ഇയാളെക്കുറിച്ച് ഓയ് ലക്കി എന്ന സിനിമയും ഇറങ്ങിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :