മഹാരാഷ്ട്രയിലെ പുനെയില്‍ അറസ്റ്റിലായ ഹൈടെക്ക് കള്ളന്‍ ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിംഗിനെ കേരളാ പൊലീസിനു കൈമാറി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബണ്ടി ചോറുമായി അന്വേഷണ സംഘം കേരളത്തിലെത്തി.
ബണ്ടി ചോറിനെ അന്വേഷിച്ച് ബാംഗ്ലൂരില്‍ തങ്ങിയ അന്വേഷണ സംഘം രണ്ടേമുക്കാലോടു കൂടിയാണ് പുണെയിലെത്തിയത്. കേരളാ പൊലീസിന്റെ വാഹനവും എത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ ബണ്ടിയുമായി തിരിച്ചത്.
മറ്റു സംസ്ഥാനങ്ങളിലായി എഴുന്നൂറോളം കേസുകള്‍ ബണ്ടി ചോറിനെതിരെയുണ്ട്. എന്നാല്‍ മഹാരാഷ്ട്രയില്‍ ബണ്ടി ചോറിനെതിരെ നിലവില്‍ കേസുകളില്ല. പ്രിവന്റീവ് കസ്റ്റഡി എന്ന രീതിയിലാണ് സമര്‍ഥ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ കേരള പൊലീസിനു ബണ്ടിയെ കൈമാറുന്നതില്‍ പൂനെ പൊലീസിനു എതിര്‍പ്പില്ലായിരുന്നു.
സമര്‍ഥ് പൊലീസ് സ്റ്റേഷനിലെത്തിയ സംസ്ഥാനത്തെ അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ ആദ്യം വിനോദസഞ്ചാരത്തിനായി കേരളത്തില്‍ എത്തിയതാണെന്നാണ് ബണ്ടി ചോര്‍ പറഞ്ഞത്. എന്നാല്‍ തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ തിരുവനന്തപുരത്തെ വീട്ടില്‍ കവര്‍ച്ച നടത്തിയെന്ന് സമ്മതിച്ചു. ഇതോടെ ബണ്ടിയെ കേരളത്തിലേക്കു മാറ്റുന്നതില്‍ യാതൊരു തരത്തിലുള്ള നിയമപ്രശ്നങ്ങളും ഉണ്ടാവില്ലെന്നു പൊലീസ് ചൂണ്ടിക്കാട്ടി.
മുഖം മറച്ചുകൊണ്ടാണ് ബണ്ടി ചോറിനെ സമര്‍ഥ് സ്റ്റേഷനില്‍ എത്തിച്ചത്. എന്നാല്‍ പിന്നീട് മുഖം മറച്ചതു മാറ്റി മാധ്യമങ്ങള്‍ക്കു മുന്നില്‍ ബണ്ടിയെ പ്രദര്‍ശിപ്പിച്ചു.
ജനുവരി 21ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് വന്‍ സുരക്ഷാ സംവിധാനമുള്ള വിദേശ മലയാളിയുടെ വീട്ടില്‍ ബണ്ടി ചോറാണ് കവര്‍ച്ച നടത്തിയതെന്നു തെളിഞ്ഞിട്ടുണ്ട്. ഒരു ആഡംബര കാറിനു പുറമേ ഒരു ലക്ഷം വില വരുന്ന ലാപ്ടോപ്പും 40,000 രൂപ വില വരുന്ന ഒരു മൊബൈല്‍ ഫോണും 15,000 രൂപ വില വരുന്ന മറ്റൊരു മൊബൈല്‍ ഫോണും അര പവന്റെ മോതിരവും 2000 രൂപയുമാണ് ഇവിടെ നിന്നും ബണ്ടി ചോര്‍ കവര്‍ന്നത്.