ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി രാഷ്ട്രീയത്തിലെ ഇന്നിംഗ്സ് തുടങ്ങി. മഹാരാഷ്ട്രയിലെ വിഖ്രോലി നിയമസഭാ മണ്ഡലത്തില്‍ നിന്ന് കാംബ്ലി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.
ലോക് ഭാരതി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണ് കാംബ്ലി. അനുയായികള്‍ക്കൊപ്പം സിയോണില്‍ നിന്ന് വിഖ്രോലിയിലേക്ക് ലോക്കല്‍ ട്രെയിനില്‍ യാത്രചെയ്ത് വന്നാണ് ഈ മുന്‍ ക്രിക്കറ്റ് താരം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്.
ഒരു ക്രിക്കറ്റ് താരം എന്ന നിലയിലല്ല രാഷ്ട്രീയക്കാരന്‍ എന്ന നിലയിലാണ് വോട്ട് തേടുന്നത്. ക്രിക്കറ്റിനെയും രാഷ്ട്രീയത്തെയും രണ്ടായിട്ടാണ് കാണുന്നത്. സമൂഹ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും കാംബ്ലി വോട്ടര്‍മാരോട് പറഞ്ഞു.
കളിക്കൂട്ടുകാരനായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പ്രചാരണത്തിന് ഇറങ്ങില്ല എന്നും എന്നാല്‍ എപ്പോഴും സച്ചിന്റെ ആശംസകള്‍ തനിക്കൊപ്പം ഉണ്ടെന്നും കാംബ്ലി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ക്രിക്കറ്റില്‍ തന്റെ ചീത്തക്കാലത്ത് സച്ചിന്‍ സഹായിച്ചില്ല എന്ന് കാംബ്ലി അടുത്തകാലത്ത് ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ പറഞ്ഞത് വാര്‍ത്തയായിരുന്നു. കാംബ്ലി പിന്നീട് ഇക്കാര്യം നിഷേധിക്കുകയും ചെയ്തിരുന്നു.