കോണ്‍ഗ്രസ് സഖ്യം: എന്‍ സി പിക്ക് പ്രതീക്ഷ

പനാജി| WEBDUNIA|
മഹാരാഷ്ട്രയില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാകുമെന്ന് എന്‍ സി പി നേതാവ് ആര്‍ ആര്‍ പാട്ടീല്‍. ഇരു പാര്‍ട്ടികളും തമ്മിലുള്ള സഖ്യം അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പനാജിയില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തനിച്ച് മത്സരിക്കുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണ്. കോണ്‍ഗ്രസിന് അത്തരത്തില്‍ അഭിപ്രായം ഉണ്ടാകില്ലെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ സി പിയുമായി സഖ്യം വേണ്ടെന്ന് ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു.

ഇരു പാര്‍ട്ടികളും തമ്മിലുള്ള സീറ്റ് ധാരണ സംബന്ധിച്ച ചര്‍ച്ചകള്‍ യഥാസമയത്ത് നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അതിനുള്ള സമയമല്ലെന്നും പാട്ടീല്‍ വെളിപ്പെടുത്തി. പാര്‍ട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഗോവയിലെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :