സമരം: 4,500 ഡോക്‌ടര്‍മാര്‍ പുറത്ത്!

മുംബൈ| WEBDUNIA| Last Modified ഞായര്‍, 12 ജൂലൈ 2009 (15:33 IST)
പ്രതിമാസ സ്റ്റൈപന്‍ഡ് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തില്‍ ഏര്‍പ്പെട്ട നാലായിരത്തിയഞ്ഞൂറോളം ഡോക്‌ടര്‍മാരെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സംസ്ഥാനത്ത് ഉടനീളമുള്ള മെഡിക്കല്‍ കോളേജുകളില്‍ ജോലി നോക്കിയിരുന്ന റസിഡന്റ് ഡോക്‌ടര്‍മാര്‍ക്കാണ് ഈ ഗതികേടുണ്ടായത്. സമരം ചെയ്യുന്ന ഡോക്‌ടര്‍മാര്‍ ബിരുദാനന്തരബിരുദ കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നത് തടയാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സര്‍ക്കാരും ഡോക്‌ടര്‍മാരുടെ സംഘടനയും തമ്മില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. അവസാനം, സ്റ്റൈപന്‍‌ഡ് ആറായിരം രൂപ വര്‍ദ്ധിപ്പിക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. എന്നാല്‍, റസിഡന്റ് ഡോക്‌ടര്‍മാരുടെ അസോസിയേഷന്‍ ഈ വര്‍ദ്ധനയില്‍ തൃപ്തരല്ലെന്ന് സര്‍ക്കാരിനെ അറിയിക്കുകയും സമരം തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്.

സംസ്ഥാനത്തെ മെഡിക്കല്‍ കൊളേജുകളില്‍ ജോലി നോക്കുന്ന റസിഡന്റ് ഡോക്‌ടര്‍മാര്‍ക്ക് 15,000 രൂപാ മാത്രമാണ് നല്‍‌കുന്നത്. എന്നാല്‍ ഡല്‍‌ഹിയിലാവട്ടെ 52,000 രൂപയാണ് ലഭിക്കുന്നത്. മറ്റ് പല സംസ്ഥാനങ്ങളിലും 45,000 രൂപയോളം ലഭിക്കുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ തരാമെന്ന് പറയുന്നത് 21,000 രൂപായാണ്. ഇത് ന്യായീകരിക്കത്തക്കതല്ല. ഇതിനും പുറമെ, 6,000 രൂപാ കൂടുതല്‍ തരാമെന്ന് വാക്കാല്‍ മാത്രമേ ഉറപ്പ് തന്നിട്ടുള്ളൂ. ഞങ്ങള്‍ സമരം തുടരുക തന്നെ ചെയ്യും - മഹാരാഷ്ട്ര അസോസിയേഷന്‍ ഓഫ് റെസിഡന്റ്സ് ഡോക്‌ടര്‍മാരുടെ പ്രസിഡന്റ് ജീവന്‍ രാജ്‌പുത്ത് മാധ്യമങ്ങളോട് പറഞ്ഞു.

സമരം ചെയ്യുന്ന എല്ലാ ഡോക്‌ടര്‍മാരെയും ഹോസ്റ്റലുകളില്‍ നിന്ന് പുറത്താക്കുമെന്നും പുറത്താക്കുന്ന ഡോക്‌ടര്‍മാര്‍ക്ക് പകരം ഉടനടി പുതിയ ഡോക്‌ടര്‍മാരെ നിയമിക്കുമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെക്രട്ടറി ഭൂഷന്‍ ഗജ്രാനി പറഞ്ഞു. അത്യാവശ്യ സേവനങ്ങളില്‍ ഒന്നായ ആതുരസേവന വ്യവസ്ഥയില്‍ ജോലിചെയ്തുകൊണ്ടിരിക്കേ സമരം ചെയ്യാന്‍ ഇവര്‍ക്കെങ്ങിനെ കഴിയുമെന്നും ഭൂഷന്‍ ഗജ്രാനി ചോദിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :